കോഴിക്കോട്: സ്വര്‍ണത്തിന് വിലയിടിവ് തുടരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 1,09,120 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,640 രൂപയുമായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. 18 കാരറ്റ് സ്വര്‍ണത്തിന് 89,640 രൂപയാണ് പവന്‍ വില. വെള്ളിക്ക് ഗ്രാമിന് 245 രൂപയിലേക്ക് കുറഞ്ഞു.
ഇന്നലെ രണ്ട് തവണയായി 2640 രൂപ സ്വര്‍ണത്തിന് കുറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്നത്തെയും ഇടിവ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും ശക്തമാകുന്നത് ആഗോള വിപണികളിലുണ്ടാക്കിയ സമ്മര്‍ദമാണ് വിലയിടിവിന് കാരണം.
ആഗോള വിപണിയില്‍ സ്വര്‍ണവില ഇന്ന് നാല് ഡോളറിലേറെ ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 4131 ഡോളര്‍ എന്ന നിലയിലെത്തി. വെള്ളി ഒന്നര ശതമാനത്തോളം ഇടിഞ്ഞ് 60.45 ഡോളറിലുമെത്തി.
എട്ട് മാസത്തിനിടെ സ്വര്‍ണത്തിന് 22,840 രൂപയാണ് കുറഞ്ഞത്. ഇക്കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയെന്ന വിലയാണ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വില. പിന്നാലെ ഇറാന്‍-യുഎസ് സംഘര്‍ഷം ശക്തമായതോടെ അസംസ്‌കൃത എണ്ണവില കുതിക്കുകയും സ്വര്‍ണം, വെള്ളി വില വീഴുകയുമായിരുന്നു. ആഗോള വിപണിയില്‍ 5500 ഡോളറിന് മുകളിലേക്ക് പോയ സ്വര്‍ണവിലയാണ് ഇപ്പോള്‍ 4000ലേക്ക് അടുക്കുന്നത്.







