പൊന്നാനി: പുറത്തെ കാലാവസ്ഥയ്ക്കനുസരിച്ച് ചൂടിന്റെയും പ്രകാശത്തിന്റെയും കടന്നുപോക്ക് സ്വയം നിയന്ത്രിക്കുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’ സാങ്കേതികവിദ്യയുടെ പ്രായോഗിക സാധ്യതകളെക്കുറിച്ചുള്ള പഠനത്തില്‍ പൊന്നാനി എം.ഇ.എസ്. കോളജിലെ ഗവേഷക സംഘത്തിന് ശ്രദ്ധേയ നേട്ടം. കേരളത്തിന്റെ ചൂടേറിയ വേനലും ഉയര്‍ന്ന ആര്‍ദ്രതയും ശക്തമായ മഴയുമടക്കമുള്ള വ്യത്യസ്തകാലാവസ്ഥാ സാഹചര്യങ്ങളില്‍ സ്മാര്‍ട്ട് വിന്‍ഡോ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമ വിജയകരമായി പരീക്ഷിച്ചാണ് ഗവേഷക സംഘം നേട്ടം കൈവരിച്ചത്.
കെട്ടിടങ്ങള്‍ക്കുള്ളിലെ ചൂടും പ്രകാശവും സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഇത്തരം സ്മാര്‍ട്ട് വിന്‍ഡോകള്‍ ഭാവിയില്‍ എയര്‍ കണ്ടീഷണറുകളുടെയും ഹീറ്ററുകളുടെയും അമിത ഉപയോഗം കുറയ്ക്കാനും വൈദ്യുതിഉപഭോഗം നിയന്ത്രിക്കാനും അതുവഴി കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് പരിസ്ഥിതി സൗഹൃദ ഗ്രീന്‍ ബില്‍ഡിങ് സംവിധാനങ്ങള്‍ക്ക് വഴിയൊരുക്കാനും സഹായകമാകുമെന്നാണ് പഠനത്തിന്റെ പ്രധാന കണ്ടെത്തല്‍.പുറത്തെ താപനിലയ്ക്കനുസരിച്ച് വിന്‍ഡോയുടെ പ്രകാശ-താപ നിയന്ത്രണം സ്വയം ക്രമീകരിക്കാനാകും. മനുഷ്യ ഇടപെടലില്ലാതെ സൂര്യപ്രകാശത്തിലെ ഇന്‍ഫ്രാറെഡ് (ചൂടി), അള്‍ട്രാവയലറ്റ് രശ്മികളുടെ കടന്നുകയറ്റം കുറയ്ക്കാനും മുറിക്കുള്ളില്‍ ആവശ്യമായ അളവില്‍ മാത്രം പ്രകാശം ലഭ്യമാക്കാനും സാങ്കേതികവിദ്യയ്ക്ക് കഴിയും. എം.ഇ.എസ്. പൊന്നാനി കോളജ് ഫിസിക്സ് വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘മെറ്റീരിയല്‍സ് ആന്‍ഡ് അഡ്വാന്‍സ്ഡ് കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്സ് ലബോറട്ടറി’യിലാണ് പരീക്ഷണം നടത്തിയത്.
ലാബ് സാഹചര്യങ്ങള്‍ക്ക് പുറത്തുള്ള യഥാര്‍ഥ പ്രകൃതിദത്ത കാലാവസ്ഥയില്‍ സ്മാര്‍ട്ട് വിന്‍ഡോ സാങ്കേതികവിദ്യ പരിശോധിക്കുന്ന ലോകത്തിലെ തന്നെ ആദ്യകാല പഠനങ്ങളില്‍ ഒന്നാണിതെന്ന് ഗവേഷകസംഘം പറയുന്നു. നോര്‍വേയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എനര്‍ജി ടെക്‌നോളജിയുടെ (ഐ.എഫ്.ഇ) യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച റെയര്‍ എര്‍ത്ത് ഹൈഡ്രൈഡ് അടിസ്ഥാനമാക്കിയുള്ള നൂതന നേര്‍ത്ത ഫിലിമുകളാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. ഫിസിക്‌സ് വിഭാഗം ഗവേഷക എ സ്. ശ്രീദേവിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഏകദേശം ഒരു വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കും തുടര്‍ന്ന് രണ്ട് വര്‍ഷം നീണ്ട കര്‍ശനമായ പരിശോധനാ നടപടികള്‍ക്കും ശേഷമാണ് ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരണത്തിന് യോഗ്യമായത്. എം.ഇ.എസ്. പൊന്നാനി കോളേജ് ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫ ഡോ. പി. ജയറാമും നോര്‍വേയിലെ ഐ.എഫ്.ഇയിലെ ഡോ. സ്ലാഗുല്‍ കരാഷോനോവുമാണ് സഹകരണ വേഷണത്തിന് നേതൃത്വം നല്‍കിയത്. ഗവേഷണഫലങ്ങള്‍ പ്രമുഖ താരാഷ്ട്ര പ്രസാധകരായ എല്‍സെ വിയര്‍ പ്രസിദ്ധീകരിക്കുന്ന ജേണല്‍ ഓഫ് സോളാര്‍ എനര്‍ജി മറ്റീരിയല്‍സ് ആന്‍ഡ് സോളാര്‍ സെല്‍സ് എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. എം.ഇ.എസ്. കേരള ഡയറക്ടര്‍ ഡോ. എ. ബിജു, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. വി.യു. അമീറ, പ്രിന്‍സിപ്പല്‍ ഡോ. എം.കെ. സാബിഖ് എന്നിവര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും സഹായങ്ങ ളും നല്‍കി.







