ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷത്തിനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം. അഷ്ടമി രോഹിണി ദിവസമായ വെള്ളിയാഴ്ച (സെപ്റ്റംബർ 4) വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. രാത്രി 8:30ന് സാംസ്കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണവും ദേവസ്വം മന്ത്രി കെ മുരളീധരൻ നിർവഹിക്കും.അഷ്ടമിരോഹിണി നാളിൽ അഭൂതപൂർവമായ ഭക്തജനത്തിരക്ക് പ്രമാണിച്ച് വിഐപി, സ്പെഷ്യൽ ദർശനത്തിന് രാവിലെ ആറുമുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലര മണി മുതൽ തുടങ്ങി അഞ്ചര മണിവരെയും വൈകിട്ട് അഞ്ചുമുതൽ ആറുവരെയുമാകും. തദ്ദേശീയർക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്ത് ദർശനം അനുവദിക്കും. ബാക്കിയുള്ള സമയങ്ങളിൽ പൊതു വരിസം വിധാനം മാത്രമാകും. ക്ഷേത്രത്തിൽ വിശേഷാൽ കാഴ്ച ശീവേലി നടക്കുന്നതിനാൽ ശയനപ്രദക്ഷിണത്തിനും ദർശനത്തിനും നിയന്ത്രണം ഉണ്ടാകും.
ദർശനം ലഭിച്ച ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തെത്തണം. ക്ഷേത്ര ദർശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനിൽക്കാൻ സൗകര്യം ഒരുക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനം അനുവദിക്കും. അഷ്ടമിരോഹിണി നാളിൽ നിർമ്മാല്യം മുതൽ ദർശനത്തിനുള്ള ക്യൂ ക്ഷേത്രത്തിലേക്ക് പതിവ് പോലെ ഫ്ലൈഓവർ വഴി വിടും. സീനിയർ സിറ്റിസൺ, ഭിന്നശേഷിക്കാർ എന്നിവരെ കൊടിമരം വഴി ദർശനത്തിന് അനുവദിക്കും.
വിശേഷാൽ കാഴ്ചശീവേലി
അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമുള്ള വിശേഷാൽ എഴുന്നള്ളിപ്പിന് ദേവസ്വം ഗജവീരൻ ഇന്ദ്ര സെൻ സ്വർണക്കോലമേറ്റും. ഗോപാലകൃഷ്ണൻ, വിനായകൻ എന്നീ ദേവസ്വം കൊമ്പൻമാർ പറ്റാനകളാകും. അപ്പവും പാൽപ്പായസവുമാണ് അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടുകൾ.
വിശേഷാൽ പ്രസാദമൂട്ട്
ഗുരുവായൂരപ്പന് നേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദമൂട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പുളി ഇഞ്ചി, പപ്പടം,മോര്, പാൽപായസം എന്നിവ ഉൾപ്പെടുന്ന വിഭവങ്ങൾ ഭക്തർക്ക് വിളമ്പും. രാവിലെ ഒൻപത് മണിക്ക് പ്രസാദമൂട്ട് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രസാദമൂട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും.
അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും അതിന് സമീപമൊരുക്കുന്ന പന്തലിലും പ്രസാദമൂട്ട് നൽകും. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും. തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലേക്കുള്ള ക്യൂ പട്ടർകുളത്തിന് വടക്ക് ഭാഗത്തായി ഒരുക്കും. പ്രസാദമൂട്ട് ഭക്തർക്ക് നൽകാൻ ദേവസ്വം ജീവനക്കാർക്ക് പുറമെ 150 പ്രഫഷണൽ വിളമ്പുകാരെ നിയോഗിക്കും.







