ചങ്ങരംകുളം:എ.എം.എൽ.പി. സ്കൂൾ പെരുമുക്കിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ഭക്തിനിർഭരമായി കൊണ്ടാടി. രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ദേശീയപതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ദേശീയഗാനം ആലപിക്കുകയും പതാകയ്ക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
സ്കൂൾ ഹെഡ് ഗേൾ ധ്വനി വി.കെ.സ്വാതന്ത്ര്യദിന സന്ദേശം നൽകി.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലി നൽകിയ ധീരദേശാഭിമാനികളെ സ്മരിച്ചുകൊണ്ടും, വിദ്യാർത്ഥികൾ രാജ്യപുരോഗതിക്കായി ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടും ധ്വനി സംസാരിച്ചു. തുടർന്ന് വിവിധ വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമര ചരിത്രത്തെയും ദേശീയ ഐക്യത്തെയും ആസ്പദമാക്കി ലഘുപ്രഭാഷണങ്ങൾ നടത്തി.ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി കെ.ജി. വിഭാഗം കുട്ടികൾക്കായി ഫാൻസി ഡ്രസ്സ് മത്സരം നടന്നു.മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്,ഝാൻസി റാണി തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷപ്പകർച്ചകളുമായി എത്തിയ കൊച്ചുകൂട്ടുകാരുടെ പ്രകടനം സദസ്സിന്റെ മാറ്റുകൂട്ടി.







