എടപ്പാൾ:മയക്കുമരുന്നിനെതിരായ സർക്കാരിന്റെ ‘തൂഫാൻ’ പദ്ധതിക്ക് പിന്തുണയേകി എടപ്പാൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’ (Roar Against Drugs) വാക്കത്തോൺ സംഘടിപ്പിച്ചു.നടുവട്ടത്തുനിന്ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ബാബു ദിവാകരൻ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
ലയൺസ് കുടുംബാംഗങ്ങൾക്കൊപ്പം ദാറുൽ ഹിദായ സ്കൂൾ,എടപ്പാൾ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും ഗ്ലോബൽ ഫിറ്റ്നസ് അംഗങ്ങളും വിവിധ ക്ലബ്ബ് പ്രവർത്തകരും പൊതുജനങ്ങളും വാക്കത്തോണിൽ പങ്കെടുത്തു.നടുവട്ടത്തുനിന്ന് എടപ്പാൾ ചുങ്കം വഴി നടന്ന വാക്കത്തോൺ എമിറേറ്റ്സ് മാളിന് മുന്നിൽ സമാപിച്ചു.
മയക്കുമരുന്നിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ എൻ.എസ്.എസ്.വിദ്യാർഥികൾ ഫ്ലാഷ് മോബും തെരുവുനാടകവും അവതരിപ്പിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം തവനൂർ എം.എൽ.എ. അഡ്വ.വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.എടപ്പാൾ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ബാബു ദിവാകരൻ വിശിഷ്ടാതിഥിയായി.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി,വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ്,എടപ്പാൾ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ലൈസ്, കാലടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.എം.രോഹിത്,എസ്. സുജിത് പാലപ്ര, ഇബ്രാഹിം മൂതൂർ,പ്രഭാകരൻ നടുവട്ടം, പി.പി.സുജീഷ് എന്നിവരും പങ്കെടുത്തു.പ്രോഗ്രാം ഡയറക്ടർ സനിൽകുമാർ കൊട്ടാരത്തിൽ സ്വാഗതവും സ്വപ്ന ടി.ആർ. നന്ദിയും പറഞ്ഞു.









