തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിലായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 2 -3 ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ രാജസ്ഥാനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം അതേ മേഖലയിൽ തന്നെ തുടരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ജൂലൈ 25 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞ അലർട്ട്
27/07/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
28/07/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
29/07/2026: തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.








