വട്ടംകുളം: കനിവ് ബഡ്സ് സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൂതന കാർഷിക രീതികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മൾച്ചിങ് ഷീറ്റ് വിരിച്ച് പച്ചക്കറി തൈ നടൽ സംഘടിപ്പിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് അധ്യക്ഷത വഹിച്ചു.
വട്ടംകുളം കൃഷി ഓഫീസർ വിഷ്ണുദാസ് ടി.എൻ. മൾച്ചിങ് കൃഷിരീതിയുടെ പ്രാധാന്യവും ജൈവകൃഷി, ശാസ്ത്രീയ കാർഷികരീതികൾ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് വിത്ത് നടൽ, ജൈവവള പ്രയോഗം, ജലസേചനം, വിളപരിപാലനം എന്നിവയിൽ പ്രായോഗിക പരിശീലനവും നൽകി.
കുടുംബശ്രീ സി.ഡി.എസ്. പ്രസിഡന്റ് ബിന്ദു, വാർഡ് അംഗങ്ങളായ പ്രവിജ, ജാഫർ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്, പി.ടി.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, അഗ്രി സി.ആർ.പി. ബബിനി, അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.









