തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സര്‍ക്കാര്‍. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കും. 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും.തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടറിയേറ്റിലേക്ക് ആയിരത്തോളം വരുന്ന നഴ്സുമാർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം.പ്രതിഷേധത്തിന് പിന്നാലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (കിംസ്) നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. തിരുവനന്തപുരം മാനവീയം വീഥി കണ്‍വെന്‍ഷന്‍ വേദിയിൽ വെച്ചായിരുന്നു ചെയര്‍മാന്‍ ശമ്പള വര്‍ധനവ് അറിയിച്ചത്.










