ഫെബ്രുവരി 14 ന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പന്ത്രണ്ടാം സീസണിന് മുന്നോടിയായി ഗോവൻ ഡിഫൻസീവ് മിഡ്ഫീൽഡർ റൗളിൻ ബോർഗസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ഐസ്എൽ ക്ലബ്ബായ എഫ്സി ഗോവയിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിൽ ചേക്കേറിയത്. വിദേശതാരങ്ങളുടെ നീണ്ട വിടപറയലിന് ശേഷം ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന ആദ്യ സൈനിങ് കൂടിയാണ് റൗളിന്‍റേത്.ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച അനുഭവസമ്പത്തും കളിയിലെ അച്ചടക്കവുമുള്ള കളിക്കാരനാണ് മുപ്പത്തിയൊന്നുകാരനായ ബോർഗസ്. ഇത് കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നു. മധ്യനിരയിൽ കളി നിയന്ത്രിക്കാനും പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങാനുമുള്ള റൗളിൻ്റെ കഴിവ് ബ്ലാസ്റ്റേഴ്‌സ് ടീമിന് കൂടുതൽ കരുത്ത് പകരും. ടീമിൻ്റെ മധ്യനിരയിലെ ആഴവും നിലവാരവും വർധിപ്പിക്കാൻ അദ്ദേഹത്തിൻ്റെ സാന്നിധ്യം സഹായിക്കും.ഗോവയിൽ ജനിച്ച് വളർന്ന താരം സ്പോർട്ടിംഗ് ഗോവയിൽ സൈൻ ചെയ്ത് തന്റെ ക്ലബ് കരിയറിന് തുടക്കമിട്ടു. പിന്നീട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഈസ്റ്റ് ബംഗാൾ എഫ്‌സി, മുംബൈ സിറ്റി എഫ്സി, എഫ്‌സി ഗോവ എന്നി ടീമുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. അണ്ടർ 23 ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് പന്തുതട്ടിയ ബോർഗസ്, 2015 ൽ ഇന്ത്യയുടെ സീനിയർ ദേശീയ ടീമിലെത്തി. 2015 ഓഗസ്റ്റ് 31ന് നേപ്പാളിനെതിരെ നടന്ന മത്സരത്തിൽ യൂജിൻസൺ ലിങ്‌ഡോയ്ക്ക്പകരക്കാരനായി ഇറങ്ങി ഇന്ത്യയ്ക്കായി ബോർഗസ് തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങി. ഇന്ത്യൻ സൂപ്പർ ലീഗ് 2020-21 സീസണിൽ കിരീടമുയർത്തിയ മുംബൈ സിറ്റി എഫ്‌സി ടീമംഗം കൂടിയായിരുന്നു റൗളിൻ.







