ശബരിമല സന്നിധാനത്ത് മകര വിളക്ക് ദിവസം സിനിമ ഷൂട്ടിങ് നടന്നെന്നു പരാതി. സംവിധായകന്‍ അനുരാജ് മനോഹറിന്റെ സിനിമയ്ക്ക് എതിരെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പരാതി ലഭിച്ചത്. ദേവസ്വം വിജിലന്‍സ് എസ്പി യോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ ജയകുമാര്‍ ഉത്തരവിട്ടു.നരിവേട്ടയുടെ സംവിധായകന്‍ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ്, വിലക്കുകള്‍ ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് ഷൂട്ട് ചെയ്തു എന്നുള്ളതാണ് പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിനാണ് പരാതി ലഭിച്ചത്.
ഷൂട്ടിംഗ് അനുമതി തേടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവു ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് അനുമതി നല്‍കാതിരുന്നത്.ശേഷം ശബരിമലയിലെ സുരക്ഷാ ചുമതലയിലുള്ള എഡിജിപിയുമായി സംസാരിച്ച് പമ്പയില്‍ വെച്ച് മാത്രമാണ് ഷൂട്ട് ചെയ്തത് എന്നാണ് അനുരാജ് മനോഹറിന്റെ വാദം. സന്നിധാനത്ത് വെച്ച് ഒരു ഷൂട്ടിങ്ങും നടന്നിട്ടില്ലെന്നും അനുരാജ് പറയുന്നു. പരാതി പരിശോധിക്കാന്‍ കെ ജയകുമാര്‍ വിജിലന്‍സ് എസ്പിയോട് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ചശേഷം ആയിരിക്കും മറ്റു നടപടികള്‍.







