കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവ് നടന്നതായി കണ്ടെത്തി. ബി ബി എ വിദ്യാർഥികളുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബി കോം വിഭാഗത്തിലെ അധ്യാപകരെന്നാണ് കണ്ടെത്തൽ. 2024 ൽ നടന്ന ബി ബി എ രണ്ടാം സെമസ്റ്റർ പരീക്ഷ പേപ്പർ മൂല്യനിർണയത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ രാജപുരം സെന്റ് പയസ് കോളജിലെ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. 2024 ൽ നടന്ന ബിബിഎ രണ്ടാം സെമസ്റ്റർ ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് പരീക്ഷയുടെ ഫലം വന്നതോടെ രാജപുരം കോളജിലെ ബിബിഎ വിദ്യാർഥിനി നൗഷിബ നസ്‌റിന് നാൽപ്പതിൽ അഞ്ചു മാർക്ക് ലഭിച്ചു. പഠനത്തിൽ മികച്ചു നിന്നിരുന്ന വിദ്യാർഥിനി ഇതോടെ മാനസിക സംഘർഷത്തിൽ ആയി . പുനർമൂല്യനിർണയത്തിന് നൽകിയതോടെ പരീക്ഷാഫലം നാൽപ്പതിൽ 34 ആയി മാറി. ഇതോടെയാണ് വിദ്യാർഥിനി സർവകലാശാലയ്ക്ക് പരാതി നൽകിയത്.
സർവകലാശാലയുടെ അന്വേഷണത്തിൽ ബി ബി എ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തിയത് ബികോം വിഭാഗത്തിലെ അധ്യാപകരാണെന്ന് കണ്ടെത്തി. പക്ഷേ എങ്ങനെയാണ് ഉത്തര പേപ്പറുകൾ മാറിയതെന്ന് കണ്ടെത്താൻ സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല.അതേസമയം, വിദ്യാർഥിനി നൽകിയ പരാതിയിൽ മനുഷ്യവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. വിദ്യാർഥിനി പരീക്ഷ എഴുതിയ കോളജിൽ നിന്ന് ഉത്തര പേപ്പറുകൾ മാറിപ്പോയതാകാം എന്നാണ് സർവകലാശാല മനുഷ്യാവകാശ കമ്മീഷന് നൽകിയ വിശദീകരണം. എന്നാൽ സർവകലാശാലയ്ക്ക് സംഭവിച്ച വീഴ്ച മറച്ചുവെക്കാൻ കോളജിനെ പഴിചാരുകയാണെന്നാണ് രാജപുരം സെന്റ് പയസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു ജോസെഫിന്റെ വിശദീകരണം.2024 ൽ പരീക്ഷ എഴുതിയ മറ്റൊരു വിദ്യാർഥിനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഉത്തര പേപ്പറുകൾ കൈമാറ്റം ചെയ്യുന്നതിൽ കണ്ണൂർ സർവകലാശാലയ്ക്ക് ഉണ്ടാകുന്ന വീഴ്ചയിൽ അന്വേഷണം വേണമെന്നാണ് വിദ്യാർഥികളുടെ പരാതി.







