ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട്, പഞ്ചലോഹവിഗ്രഹം കടത്തിയെന്ന് ആരോപണം ഉയർന്ന ഡി മണിയെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഡിണ്ടിഗൽ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയിൽ ചോദ്യം ചെയ്തു. പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന മൊഴിയിലാണ് ചോദ്യം ചെയ്യൽ. താൻ വജ്ര വ്യാപാരിയാണെന്ന് ഡി മണി മൊഴി നൽകി. ഡി മണി എന്നാൽ ഡയമണ്ട് മണി എന്നാണെന്നും മണി പറഞ്ഞു. ബാലമുരുഗൻ വജ്ര വ്യാപരത്തിൽ ഇടനില നിന്നാണ് ഡി മണി ആയത്
ശബരിമലയിൽ നിന്ന് സ്വർണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നിൽ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവൻ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞദിവസം മുതൽ ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നിരുന്നത്. ഇന്നലെ പ്രാഥമികമായി ചോദ്യം ചെയ്യൽ നടത്തിയിരുന്നു. ഇന്ന് വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശബരിമല സ്വർണ്ണക്കൊള്ളയെ കുറിച്ച് അറിയില്ലെന്നാണ് മണി മൊഴി നൽകിയിരിക്കുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകൾ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. 2020 ഒക്ടോബർ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നൽകിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തിൽ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ഡി മണി ആരെന്ന അന്വേഷണം എസ്.ഐ.ടി ആരംഭിച്ചത്. ഇതിനായി എസ്.ഐ.ടിയിലെ തന്നെ സ്‌പെഷ്യൽ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്ത് ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തുന്നതിലും ഇടനിലക്കാരൻ. ണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും എസ്ഐടിയ്ക്ക് നിർണായക മൊഴി ലഭിച്ചിരുന്നു.







