ശബരിമല: മണ്ഡലപൂജ അടുത്തതോടെ ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്ക്. ഒരിടവേളയ്ക്കുശേഷം തിങ്കളാഴ്ച ദർശനം നടത്തിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച അർധരാത്രിമുതൽ തിങ്കളാഴ്ച രാത്രി 12 മണിവരെ 1,05,738 തീർഥാടകർ ദർശനം നടത്തി.അവധി ദിവസമായ ഞായറാഴ്ച തിരക്ക് താരതമ്യേന കുറവായിരുന്നു. ഞായറാഴ്ച 61,576 ഭക്തരാണ് ശബരിമലയിൽ എത്തിയത്. ഈ വർഷം സീസൺ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ ശരാശരി ഒരു ലക്ഷം പേരാണ് ദർശനത്തിനെത്തിയിരുന്നത്. എന്നാൽ, രണ്ടാഴ്ച പിന്നിട്ടതോടെ തിരക്ക് കുറഞ്ഞു. പിന്നീട് ഇപ്പോഴാണ് നിത്യേന എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്.ഞായറാഴ്ച മണിക്കൂറിൽ ശരാശരി 1800-ലധികംപേരാണ് പതിനെട്ടാംപടി കയറിയതെങ്കിൽ തിങ്കളാഴ്ച അത് മണിക്കൂറിൽ 3500-ലധികമായി. ചൊവ്വാഴ്ച പുലർച്ചെമുതലും പമ്പയിൽനിന്ന് ഭക്തരുടെ ഒഴുക്കായിരുന്നു. തുടർന്ന് മരക്കൂട്ടം മുതൽ പോലീസ് നിയന്ത്രണമേർപ്പെടുത്തി. ക്യൂ കോംപ്ലക്സുകളിൽ ഏറെനേരം കാത്തിരുന്നശേഷമാണ് ഭക്തർക്ക് സന്നിധാനത്ത് എത്താനായത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ 53,400 പേർ എത്തി. പുല്ലുമേട് വഴിയും ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ, പുൽമേട് വഴി ഒരു ദിവസം പരമാവധി 5000 പേരെയേ കയറ്റിവിടൂ. സീസണിൽ ഇതുവരെ പുൽമേട് വഴി സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു.









