തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിരഞ്ഞെടുപ്പ് ദിനത്തിൽ നടത്തിയ അഭിപ്രായം പ്രകടനം പോളിങിനെ ബാധിച്ചിട്ടില്ലെന്നും പ്രസ്താവന നിരുത്തരവാദിത്തപരമായിരുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.എതിരാളികൾക്ക് അടിക്കാൻ ഒരു വടി കൊടുത്തത് പോലെയായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം അത് ചെയ്യരുതായിരുന്നു. അദ്ദേഹത്തോട് ഇത് പറഞ്ഞ് മനസ്സിലാക്കേണ്ട ആവശ്യം ഇല്ലെന്നും 10-50 വർഷത്തെ രാഷ്ട്രീയ പാരമ്പര്യം ഉണ്ടല്ലോയെന്നും മുരളീധരൻ ചോദിച്ചു. പാർട്ടി കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡന്റ് ആണ്. അത് പാർട്ടി നയമാണ്. അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന്റെ സാധ്യതയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. വോട്ടർ പട്ടികയിൽ ഉണ്ടായ ആശയക്കുഴപ്പം വോട്ടിങ് ശതമാനം കുറയാൻ കാരണം ആണ്. വഞ്ചിയൂരിൽ അവസാന ദിവസം ചേർത്ത ഇരട്ട വോട്ടുകൾ പരിശോധിക്കാൻ സമയം കൊടുത്തിട്ടില്ല. കഴിഞ്ഞ തവണ വോട്ട് ചെയ്ത പലർക്കും ഇത്തവണ വോട്ട് ഇല്ല. ഇതെല്ലാം മൊത്തത്തിൽ ആശയകുഴപ്പം ഉണ്ടാക്കി. ചില മേഖലയിൽ ബിജെപി നിസംഗത ഉണ്ട്. പഴയത് പോലെ ഉള്ള കേഡർ സിസ്റ്റം ഒന്നും സിപിഎമ്മിന് ഇല്ല. യുഡിഎഫിന് 50 തിൽ കൂടുതൽ സീറ്റുകൾ ലഭിക്കും. അദ്ദേഹം പറഞ്ഞു.










