ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ സമവായത്തിലെത്തണമെന്ന് സുപ്രീം കോടതി. സമവായമായില്ലെങ്കിൽ അടുത്ത വ്യാഴാഴ്ച വൈസ് ചാൻസലറെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, പി.ബി. വരാലേ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവർണറുടെ ശുപാർശയെന്ന് അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതി രൂപീകരിച്ച രണ്ട് സെർച്ച് പാനലുകളിലും സിസ തോമസിന്റെയും പ്രിയ ചന്ദ്രന്റെയും പേരുകൾ ഉള്ളതിനാലാണ് ഗവർണർ ഇവരുടെ പേരുകൾ ശുപാർശ ചെയ്യുന്നതെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, സിസ തോമസിന്റെ പേര് ശുപാർശ ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത വ്യക്തമാക്കി.തുടർന്നാണ് പ്രതിസന്ധി പരിഹരിക്കുന്നതിന് ചർച്ചനടത്താൻ സുപ്രീം കോടതി നിർദേശിച്ചത്. ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണി, അഭിഭാഷകൻ വെങ്കിട്ടസുബ്രമണ്യം എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി എന്നിവർ ഹാജരായി.











