അന്തരിച്ച തമിഴ് നിര്‍മാതാവ് എവിഎം ശരവണന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍. തമിഴിലെ സൂപ്പര്‍താരങ്ങളായ രജനീകാന്ത്, സൂര്യയും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എവിഎം സ്റ്റുഡിയോയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. വൈകാരിക യാത്രയയപ്പാണ് മുതിര്‍ന്ന നിര്‍മാതാവായ എവിഎം ശരവണന് തമിഴ് സിനിമാലോകം നല്‍കുന്നത്. വിശാല്‍, ഈശ്വരി റായ്, കാഞ്ചന, മോഹന്‍ലാജ, പാര്‍ഥിപന്‍ തുടങ്ങിയവരും അന്ത്യോപചാരമര്‍പ്പിക്കാനെത്തി. പിതാവ് ശിവകുമാറിനൊപ്പമാണ് സൂര്യ എവിഎം സ്റ്റുഡിയോയിലെത്തിയത്. വികാരാധീനനായ സൂര്യ, അന്ത്യോപചാരമര്‍പ്പിക്കവെ പൊട്ടിക്കരഞ്ഞു. അന്ത്യാഞ്ജലി അര്‍പ്പിച്ച രജനീകാന്ത്, കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ചു.’അദ്ദേഹം നല്ല മനുഷ്യനായിരുന്നു. എവിഎമ്മിന്റെ ബാനറില്‍ ഒമ്പത് ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. എല്ലാം ഹിറ്റ് ചിത്രങ്ങളായിരുന്നു. അദ്ദേഹത്തിന് എന്നില്‍ ആഴത്തിലുള്ള വിശ്വാസമുണ്ടായിരുന്നു. മോശം സമയത്തും അദ്ദേഹം എന്റെ കൂടെ നിന്നു’, രജനീകാന്ത് പറഞ്ഞു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് എ.വി.എം ശരവണന്റെ അന്ത്യം. ബുധനാഴ്ച അദ്ദേഹത്തിന്റെ 86-ാം പിറന്നാള്‍ ആയിരുന്നു. രജനീകാന്ത് നായകനായ ‘ശിവാജി: ദ ബോസ്’, വിജയ്‌യുടെ ‘വേട്ടൈക്കാരന്‍’, അരവിന്ദ് സാമി, കജോള്‍ പ്രഭുദേവ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ‘മിന്‍സാരക്കനവ്’ എന്നിവ അദ്ദേഹം നിര്‍മിച്ച പ്രധാനചിത്രങ്ങളിലൊന്നാണ്.











