ആശുപത്രികൾക്ക് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. ആശുപത്രികളിൽ പരാതി പരിഹാര ഡെസ്ക് വേണം. ചികിത്സാ ചെലവ് ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണം. പണമില്ലാത്തതിനാൽ ചികിത്സ നിഷേധിക്കരുതെന്നും നിർദേശം. ഡോക്ടേഴ്സിന്റെ വിവരങ്ങളും ചികിത്സാ നിരക്കുകളും പ്രദർശിപ്പിക്കുന്നതിനെതിരായ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിർദേശം.സ്വകാര്യ ആശുപത്രി മാനേജ്മെൻറ് അസോസിയേഷനും ഐഎംഎയും നൽകിയ ഹർജി ഹൈക്കോടതി തള്ളിക്കൊണ്ടാണ് നിർദേശങ്ങൾ. ഡോക്ടർമാരുടെ വിവരങ്ങളും ചികിത്സാനിരക്കുകളും പ്രദർശിപ്പിക്കുന്നതിനെതിരായ ഹർജിയാണ് തള്ളിയത്. രോഗികളുടെ അവകാശങ്ങൾക്കും ചികിത്സാ സുതാര്യതയ്ക്കും മുൻഗണന നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും സേവന നിരക്കുകളും പ്രദർശിപ്പിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയിരുന്നത്.രേഖകളില്ലാത്തതിനാൽ രോഗികളെ പരിശോധിക്കാതെ ഇരിക്കരുതെന്നും തുടർ ചികിത്സയോ വിദഗ്ദ ചികിത്സയോ അനിവാര്യമാണെങ്കിൽ ആശുപത്രി മാറ്റണമെന്നും ഹൈക്കോടതി നിർദേശം നൽകി. ഡിസ്ചാർജ് ചെയ്യമ്പോൾ ഡിസ്ചാർജ് സമ്മറിക്ക് പുറമേ എല്ലാ ചികിത്സാ വിവരങ്ങളും രോഗിക്ക് കൈമാറണം. പരാതികളിൽ ഏഴ് ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്നും നടപടിയെടുക്കാൻ കഴിയാത്ത പരാതികളുണ്ടായാൽ ഡിഎംഒയ്ക്ക് അത് കൈമാറണമെന്നും ഹൈക്കോടതിയുടെ മാർഗനിർദേശത്തിൽ പറയുന്നു.









