എടപ്പാൾ:നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും വാര്‍ത്ത കേട്ടാണ് ബുധനാഴ്ച മാണൂര്‍ ഉണര്‍ന്നത്.ഓട്ടിസം ബാധിച്ച 30 വയസുള്ള മകളെ ഡ്രമ്മില്‍ നിറച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ചു എന്ന വാർത്തയാണ് നാടിനെ ഞെട്ടിച്ചത്.മാണൂർ പുതുക്കുടി വീട്ടിൽ അനിതകുമാരി (57) മകൾ അഞ്ജന (30) എന്നിവരാണു മരിച്ചത്.മകളുടെ ദുരിത ജീവിതത്തിലും ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായി വിയോഗത്തിലും മനോവിഷമത്തിലായിരുന്ന അനിത മുറ്റത്ത് ഡ്രമ്മില്‍ വെള്ളം നിറച്ച് നടക്കാന്‍ കഴിയാത്ത മകള്‍ അഞ്ജനയെ അതില്‍ ഇറക്കി മുക്കി കൊന്ന ശേഷം വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരം.അനിത എഴുതിയ ആത്മഹത്യ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്.
രാവിലെ എട്ട് മണിയോടെയാണ് പറക്കുന്നിലെ അനിതകുമാരിയെ വീടിനു മുൻവശത്തെ മരത്തിൽ കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.തുടർന്നുള്ള അന്വേഷണത്തിൽ, വീടിനു മുൻവശത്തെ വീപ്പയിൽ വെള്ളത്തിൽ മുങ്ങി തലകീഴായി നിൽക്കുന്ന നിലയിൽ മകളെയും കണ്ടെത്തി.നാട്ടുകാര്‍ ഉടൻ പൊലീസിൽ വിവരമറിയിച്ചു. ഒരു മാസം മുൻപാണ് അനിതകുമാരിയുടെ ഭർത്താവ് ഗോപാലകൃഷ്ണൻ മരിച്ചത്.
ഇതോടെ മാനസികമായി തളർന്ന അനിതകുമാരി ആരുമായും കൂടുതൽ അടുപ്പം പുലർത്തിയിരുന്നില്ല. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൻ വൈകിട്ടോടെ ജോലിക്കു പോയിരുന്നു.പോകുമ്പോൾ പതിവിലധികം സ്നേഹം പ്രകടിപ്പിച്ചിരുന്നതായി മകൻ ഓർക്കുന്നു. പിന്നീട് പുലർച്ചെ ഒന്നരയോടെ വിളിച്ച്, രാവിലെ ഭക്ഷണം കഴിച്ച ശേഷം വന്നാൽ മതിയെന്ന് മകനോട് പറയുകയും ചെയ്തു.
രാവിലെയാണ് ദുരന്തവാർത്ത നാട്ടുകാരെയും ബന്ധുക്കളെയും തേടിയെത്തുന്നത്. മകനും ബന്ധുക്കൾക്കുമായി എഴുതിയ ആത്മഹത്യക്കുറിപ്പ് വീടിനകത്തുനിന്ന് പൊലീസ് കണ്ടെടുത്തു. മരണവിവരം അറിഞ്ഞ് ശാരീരിക അവശത അനുഭവപ്പെട്ട മകൻ അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
കുറ്റിപ്പുറം എസ്എച്ച്ഒ കെ.നൗഫലിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.മലപ്പുറത്തുനിന്ന് സയന്റിഫിക് – വിരലടയാള വിദഗ്ധരെത്തി തെളിവെടുപ്പു നടത്തി. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.







