തൃശൂർ: ഫിറ്റ്‌നസ് പരിശീലകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. തൃശൂർ വടക്കാഞ്ചേരിക്ക് സമീപം ഒന്നാംകല്ലിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണി – കുമാരി ദമ്പതികളുടെ മകനായ മാധവ് (28) ആണ് മരിച്ചത്. മാധവിന്റെ മരണകാരണം പോസ്റ്റുമോർട്ടത്തിലും കണ്ടെത്താൻ സാധിക്കാത്തതിനാൽ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു. മസിലുകൾക്ക് കരുത്ത് ലഭിക്കാൻ മാധവ് അമിതമായി മരുന്നുകൾ ഉപയോഗിച്ചതായി സൂചനയുണ്ട്. വിദേശ നിർമിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മാധവിന്റെ മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. കട്ടിലിന് താഴെയായി കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു ശരീരം. അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ താഴെ വീണതാണോ എന്നാണ് സംശയം. പാമ്പ് കടിയേറ്റിരുന്നോയെന്ന സംശയം ഉയർന്നെങ്കിലും ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലായിരുന്നു. മാധവിന്റെ മുഖം നീലനിറത്തിലായിരുന്നു. മരിക്കുമ്പോൾ രക്തം ഒരു ഭാഗത്തേയ്ക്ക് മാത്രം വന്നതാകാം ഇതിന് കാരണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. പോസ്റ്റുമോർട്ടത്തിൽ ഹൃദയധമനികളിൽ ബ്ളോക്കും കണ്ടെത്തിയില്ല. ശരീര സൗന്ദര്യ മത്സരങ്ങളിൽ മാധവ് സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. ജനുവരിയിൽ നടക്കാനിരിക്കുന്ന മത്സരത്തിനായി കഠിന പരിശീലനം നടത്തുകയായിരുന്നു. ഇതിനോടൊപ്പം മരുന്നുകളും കഴിച്ചിരിക്കാമെന്നാണ് നിഗമനം.ജിം പരിശീലകനായ മാധവ് ദിവസവും നാല് മണിക്ക് ഉണർന്ന് ജിമ്മിൽ പോകാറുണ്ടായിരുന്നു. ഇന്നലെ നാലരയായിട്ടും എഴുന്നേറ്റില്ല. ഇതോടെ അമ്മ വാതിലിൽ തട്ടിവിളിച്ചു. പ്രതികരണമില്ലെന്ന് കണ്ടതോടെ അയൽവാസിയുടെ സഹായത്തോടെ വാതിൽ തള്ളിത്തുറക്കുകയായിരുന്നു. തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മാധവും അമ്മയും മാത്രമായിരുന്നു താമസം.











