തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി ട്രെയിനില്‍ നിന്നും മധ്യവയസ്കൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി. മെഡിക്കല്‍ കോളേജിന്റെ ചികിത്സ തൃപ്തികരമല്ലെന്ന് പ്രിയദര്‍ശിനി മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എന്നറിഞ്ഞപ്പോൾ തന്നെ പേടിയായെന്നും പ്രിയദര്‍ശിനി പറഞ്ഞു. മകളുടെ നില അതീവഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.’ഒരു മണിക്ക് മെഡിക്കല്‍ ബോര്‍ഡ് കൂടിയിട്ട് അറിയിക്കാം എന്നാണ് പറഞ്ഞത്. മൃതദേഹം കിടക്കുന്നതുപോലെയാണ് എന്റെ മകള്‍ കിടക്കുന്നത്. മകള്‍ക്ക് നല്ല ചികിത്സ കിട്ടണം. എന്റെ കുഞ്ഞിനെ തിരികെ വേണം. അവള്‍ക്ക് 19 വയസ് കഴിഞ്ഞിട്ടില്ല. തലയില്‍ രണ്ട് മുറിവുകള്‍ ഉണ്ട്. ആകെ 20 മുറിവുകള്‍ ഉണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ശ്വാസം എടുക്കുന്നത്’, പ്രിയദര്‍ശിനി പറഞ്ഞു.48 മണിക്കൂര്‍ കഴിയാതെ ഡോക്ടര്‍മാര്‍ ഒന്നും പറയാന്‍ കഴിയില്ല എന്നാണ് പറയുന്നതെന്നും പ്രിയദര്‍ശിനി പറഞ്ഞു. മകളുടെ ഒപ്പമുള്ള കൂട്ടുകാരിയെ താന്‍ കണ്ടിട്ടില്ലെന്നും മകളുടെ കാര്യം വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. തന്റെ അമ്മയുടെ വീട്ടിലേക്കാണ് മകള്‍ വന്നതെന്നും വരുന്ന കാര്യം അമ്മയോട് പറഞ്ഞിരുന്നുവെന്നും പ്രിയദര്‍ശിനി പറഞ്ഞു.’സ്ത്രീകള്‍ക്ക് ട്രെയിനില്‍ ഒരു സുരക്ഷയും ഇല്ല. ഞാന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ആളാണ്. ചില സ്ത്രീകള്‍ ഭയന്ന് ടോയ്ലറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ട്. മദ്യപിച്ച് ധാരാളം പേരാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നത്. ഇതൊക്കെ സഹിച്ചാണ് ഞങ്ങള്‍ യാത്ര ചെയ്യുന്നത്. വളരെ കഷ്ടപ്പെട്ടാണ് രണ്ടു മക്കളെ വളര്‍ത്തിയത്’, അമ്മ പറഞ്ഞു. ശ്രീക്കുട്ടിയുടെ ഭര്‍ത്താവ് മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ചികിത്സയിലാണെന്നും അമ്മ പറഞ്ഞു.ഇന്നലെ രാത്രി കേരള എക്സ്പ്രസില്‍ യാത്ര ചെയ്യവെയാണ് മദ്യപിച്ചെത്തിയ സുരേഷ് കുമാര്‍ 19കാരിയായ ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടത്. വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവെച്ച് രാത്രി 8.40ന് ജനറല്‍ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. രണ്ട് പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി ശ്രീക്കുട്ടിയെ ചവിട്ടിപുറത്തേക്ക് ഇടുകയായിരുന്നു. കൂടെയുള്ള പെണ്‍കുട്ടിയെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. റെയില്‍വേ പൊലീസാണ് സുരേഷ് കുമാറിനെതിരെ കേസെടുത്തത്.











