കൊച്ചി: ലൈംഗിക പീഡന കേസിലെ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് റാപ്പർ ഗായകൻ വേടൻ (ഹിരൺ ദാസ് മുരളി) ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം മുതൽ ഡിസംബർ വരെ ശ്രീലങ്ക, ദുബായ്, ഖത്തർ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വേടൻ കോടതിയെ സമീപിച്ചത്.എറണാകുളം സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്ഥയിൽ വേടന് കേരളത്തിന് പുറത്തുപോകാൻ കഴിയില്ല. അതുകൊണ്ട് ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നാണ് ആവശ്യം. അതേസമയം വേടനെതിരെ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ മൊഴി നൽകാൻ യുവതി ഹാജരാകണമെന്ന നോട്ടീസ് പൊലീസ് പിൻവലിച്ചു. പരാതിയിൽ മൊഴി നൽകാൻ വിളിപ്പിക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങൾ പുറത്തുപോകുന്നതു തടയാൻ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. തുടർന്നായിരുന്നു നോട്ടീസ് പിൻവലിച്ചത്. പൊലീസിനോട് ജസ്റ്റിസ് സി.പ്രദീപ് കുമാർ വിശദീകരണം തേടി.എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കു മുമ്പാകെ ഹാജരായി മൊഴി നൽകണമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ തങ്ങൾ ഈ നോട്ടീസ് പിൻവലിക്കുകയാണെന്നും യുവതി ഹാജരാകേണ്ടതില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന മറ്റൊരു കേസിൽ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.