സജിത വധക്കേസില്‍ ചെന്താമരക്ക് നല്‍കിയ ശിക്ഷാവിധിയിൽ തൃപ്തരാണെന്ന് മക്കള്‍ അതുല്യയും അഖിലയും. ഇനി ഒരു കേസ് കൂടിയുണ്ടെന്നും അതിൽ കൂടുതൽ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മക്കള്‍ പറഞ്ഞു. അന്വേഷണം നന്നായി നടന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികളാണെന്നും അവര്‍ക്ക് സർക്കാർ ജോലി നൽകണമെന്നും സഹോദരി സരിത പറഞ്ഞു. മക്കൾക്ക് സംരക്ഷണം ഒരുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.2019 ആഗസ്റ്റ് 31ന് ആണ് സജിതയെ അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തുന്നത്. തൻ്റെ ഭാര്യയും മകനും ഉപേക്ഷിച്ചു പോകാൻ കാരണം നീളൻ മുടിയുള്ള സ്ത്രീയാണെന്ന് മന്ത്രവാദി പറഞ്ഞതിന് പിന്നാലെ സംശയം ഉടലെടുത്ത ചെന്താമര പിന്നീട് സജിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതി പിന്നീട് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി.കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ പ്രതിയുടെ സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷയില്ലെന്ന് പറഞ്ഞു.ഇരട്ട ജീവപര്യന്തത്തിനൊപ്പം മൂന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. സജിതയുടെ മക്കൾക്ക് നഷ്ടപരിഹാരം നൽകാനും വിധിയില്‍ പറയുന്നു.











