കൊല്ലം: കിണറ്റിൽ വീണ യുവതിയും രക്ഷിക്കാൻ ശ്രമിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥനും രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ നിന്ന, യുവതിക്ക് ഒപ്പം താമസിച്ചിരുന്ന യുവാവും മരിച്ചു. കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ ഇളമ്പ മമതയിൽ സോണി എസ്.കുമാർ (36), നെടുവത്തൂർ പഞ്ചായത്ത് ആനക്കോട്ടൂർ പടിഞ്ഞാറ് മുണ്ടുപാറയ്ക്കൽ വിഷ്ണു വിലാസത്തിൽ അർച്ചന (33), അർച്ചനയ്ക്ക് ഒപ്പം താമസിച്ചിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞാണ് അപകടം
ഹോം നഴ്സായി ജോലി ചെയ്തുവരുന്ന അർച്ചനയ്ക്കൊപ്പം രണ്ടു മാസം മുൻപാണ് ശിവകൃഷ്ണൻ താമസം തുടങ്ങിയത്. ഇന്നലെ രാത്രി ശിവകൃഷ്ണൻ മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്നു. വീട്ടിൽ ബാക്കിയിരുന്ന മദ്യം അർച്ചന ഒളിപ്പിച്ചുവച്ചു. ഇത് ചോദ്യം ചെയ്ത ശിവകൃഷ്ണൻ അർച്ചനയെ മർദ്ദിച്ചു. ഇതോടെ രാത്രി പന്ത്രണ്ടരയോടെ അർച്ചന വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു.
കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സോണി എസ്. കുമാർ അർച്ചനയെ രക്ഷിച്ച് മുക്കാൽ ഭാഗത്തോളം മുകളിലേക്ക് വന്നിരുന്നു. ഈ സമയത്ത് കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞ് ഇരുവരും ഉള്ളിലേക്ക് വീഴുകയായിരുന്നു. കിണറിന്റെ കൽക്കെട്ടിൽ ചാരിനിന്ന് രക്ഷാപ്രവർത്തനത്തിനായി ടോർച്ച് കത്തിച്ചു കൊടുക്കുകയായിരുന്ന ശിവകൃഷ്ണനും കിണറ്റിൽ വീണു. സോണിയെ അപ്പോൾ തന്നെ പുറത്ത് എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് അർച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹം പുറത്തെടുക്കാനായത്. മൂന്നുപേരുടെയും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന.