ചങ്ങരംകുളം:ട്രാഫിക് പരിഷ്കാരങ്ങള്‍ക്ക് ഒപ്പം ടൗണ്‍ നവീകരണ പ്രവൃത്തി കൂടി ആരംഭിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് ചങ്ങരംകുളം ടൗണിലെ കച്ചവടക്കാര്‍.എടപ്പാള്‍ റോഡിലെ ഹൈവേയില്‍ നിന്ന് ടൗണിലേക്ക് ബൈക്ക് പോലും കടത്തി വിടാതെയുള്ള പരിഷ്കാരമാണ് ടൗണിലെ കച്ചവടക്കാരെ ദുരിതത്തിലാക്കിയത്.ഇതിന് പുറമെയാണ് പ്രധാന ടൗണിലെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ട്രൈനേജ് നിര്‍മാണം കൂടി ആരംഭിച്ചത്.ഇതോടെ ഈ പ്രദേശത്തെ കച്ചവടക്കാര്‍ പലരും അടച്ചുപൂട്ടലിന്റെ വക്കിലാണ്.ഭീമമായ വാടകയും വൈദ്യുതി ബില്ലും മറ്റു അനുബന്ധ ചിലവുകളും താങ്ങാന്‍ കഴിയാതെ ഓരോ ദിവസവും തളളി നീങ്ങിയിരുന്ന കച്ചവടക്കാരാണ് എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധികളോട് പടപൊരുതുന്നത്.ഉപജീവനത്തിനായുള്ള ജീവന്‍മരണ പോരാട്ടത്തിലാണ് ടൗണിലെ പല കച്ചവടക്കാരും.ട്രാഫിക് പരിഷ്കാരങ്ങളില്‍ മാറ്റം വരുത്തി ടൗണിലെ പ്രവൃത്തികള്‍ വേഗത്തില്‍ തീര്‍ത്ത് കച്ചവടക്കാരുടെ പ്രതിസന്ധി പരിഹരിക്കാന്‍ അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് വ്യാപാരികള്‍











