സംസ്ഥാനത്ത് ചില ജില്ലകളിൽ മഴ കനക്കും. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും (5&6 തീയതികൾ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, കേരളത്തിലെ ‘ജനകീയ കാലാവസ്ഥ (ദിനാവസ്ഥ) നിരീക്ഷണ ശൃംഖല’ (Participatory Weather Monitoring Network) ശക്തിപ്പെടുത്തുന്നതിനായി 2025 ഒക്ടോബർ 15-16 തീയതികളിലായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ദ്വിദിന ശില്പശാല സംഘടിപ്പിക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതിയ റഡാർ സ്ഥാപിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന വയനാട് പഴശ്ശിരാജ കോളേജിൽ വെച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്.











