ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ വീഡിയോ സന്ദേശവുമായി ടിവികെ നേതാവും നടനുമായ വിജയ്. ചൊവ്വാഴ്ച വൈകീട്ടോടെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് വിജയ് വീഡിയോസന്ദേശം പുറത്തുവിട്ടത്. ദുരന്തം സംഭവിച്ച് രണ്ടുദിവസത്തിന് ശേഷമാണ് നീണ്ടമൗനം വെടിഞ്ഞ് വിജയ് പ്രതികരിച്ചിരിക്കുന്നത്. നേരത്തേ, ദുരന്തത്തിന് പിന്നാലെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്ന ചെറിയ കുറിപ്പ് മാത്രമാണ് വിജയ് പങ്കുവെച്ചിരുന്നത്.ജീവിതത്തില്‍ ഇത്രയും വേദനാജനകമായ സന്ദര്‍ഭം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വീഡിയോ സന്ദേശത്തില്‍ വിജയ് പറയുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും വീഡിയോയില്‍ വിജയ് പങ്കുവെച്ചു. കരൂര്‍ ദുരന്തത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുതെന്നും കുറ്റം തന്റെമേല്‍ വെച്ചോളൂ എന്നും താന്‍ അത് ഏറ്റെടുക്കാന്‍ തയ്യാറാണെന്നും വിജയ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് വീഡിയോയില്‍ അഭ്യര്‍ഥിച്ചു. ദുരന്തത്തിന് പിന്നാലെ കരൂരില്‍നിന്ന് പോയതിനെക്കുറിച്ചും വിജയ് വിശദീകരണം നല്‍കുന്നുണ്ട്. ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ പ്രശ്‌നങ്ങളും തിക്കുംതിരക്കും ഉണ്ടാകുമെന്നും അതിനാലാണ് പോകാതിരുന്നതെന്നും വിജയ് പറഞ്ഞു.”ജീവിതത്തില്‍ ഇത്രയും വേദനാജനകമായ സന്ദര്‍ഭം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. കരൂര്‍ ദുരന്തത്തില്‍ വേദന മാത്രമാണുള്ളത്. സംഭവിച്ചത് വേദനാജനകമായ കാര്യം. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. ആളുകള്‍ റാലിക്കെത്തിയത് എന്നോടുള്ള സ്‌നേഹംകൊണ്ടാണ്. അതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. പരിക്കേറ്റ് ചികിത്സയിലുള്ളവരെല്ലാം വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ പ്രശ്‌നമുണ്ടാകുമായിരുന്നു. അതിനാലാണ് പോകാത്തത്. ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് അത് പകരമാകില്ല.തെറ്റ് ചെയ്തിട്ടില്ല. എന്നിട്ടും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സിഎം സാര്‍ കുറ്റം എന്റേമേല്‍ വെച്ചോളൂ. പ്രവര്‍ത്തകരെ വേട്ടയാടരുത്, ഞാന്‍ അത് ഏല്‍ക്കാന്‍ തയ്യാറാണ്. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കരൂരില്‍ മാത്രം ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയണം. ജനങ്ങള്‍ എല്ലാംകാണുന്നുണ്ട്. സത്യം പുറത്തുവരും. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി”, വിജയ് പറഞ്ഞു.











