സംസ്ഥാനത്ത് എസ് ഐ ആര്‍ നടപ്പാക്കുന്നതിനെതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി നിയമസഭ. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.എസ് ഐ ആര്‍ വളഞ്ഞ വഴിയിലൂടെ നടപ്പാക്കുന്നു എന്ന ആക്ഷേപം വ്യാപകമാണെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ് ഐ ആര്‍ നടപ്പാക്കാനുള്ള നീക്കം നിഷ്‌കളങ്കമായി കാണാന്‍ ആകില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ രക്ഷിതാക്കളുടെ പൗരത്വ രേഖ ആവശ്യപ്പെടുന്നത് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയത്തിന്റെ നിഴലിലാണ്. പൗരത്വ നിയമഭേദഗതിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ എസ് ഐ ആറിനെ എങ്ങനെ ഉപയോഗിക്കുമെന്ന് പറയാന്‍ കഴിയില്ല. എങ്ങനെ ഉപയോഗിക്കും എന്നത് ജനാധിപത്യത്തിന്റെ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ലീഗ് എംഎല്‍എ യുഎ ലത്തീഫ് രംഗത്തെത്തി.











