ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ അപകടത്തില്‍ പ്രതികരിച്ച് പാര്‍ട്ടി നേതാവ് വിജയ്.മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന വിജയ് എക്സിലൂടെയാണ് പ്രതികരിച്ചത്
എന്റെ ഹൃദയം തകര്‍ന്നു. അസഹനീയവും വിവരണാതീതവുമായ വേദനയിലും ദുഃഖത്തിലുമാണ് ഞാന്‍. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. ചികില്‍സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു’- വിജയ് എക്സില്‍ കുറിച്ചു. റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചതായാണ് ഒടുവില്‍ വരുന്ന റിപോര്‍ട്ട്. പരിക്കേറ്റ നിരവധിപേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് വിവരം. 10,000 പേര്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ 30,000ല്‍ കൂടുതല്‍ ആളുകളാണ് റാലിക്കെത്തിയത്. ആറ് മണിക്കൂര്‍ വൈകിയാണ് റാലി തുടങ്ങിയത്. കനത്ത തിക്കിലും തിരക്കിലും കുഴഞ്ഞുവീണാണ് പലരും മരിച്ചത്.
പന്ത്രണ്ട് പുരുഷന്മാര്‍, പതിനാറ് സ്ത്രീകള്‍, അഞ്ച് ആണ്‍കുട്ടികള്‍, അഞ്ച് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നാല് വകുപ്പുകള്‍ ചുമത്തിയാണ് കരൂര്‍ ടൗണ്‍ പോലിസ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടന്‍ വിജയ്ക്കെതിരെയും കേസെടുക്കും. അപകടമുണ്ടായ ഉടന്‍ വിജയ് പ്രസംഗം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ട്രിച്ചി വിമാനത്താവളത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും വിജയ് പ്രതികരിച്ചിരുന്നില്ല. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്