പത്തനംതിട്ട: ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പമ്പയില്‍ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തമിഴ്‌നാടിന്റെ രണ്ട് മന്ത്രിമാര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റാലിന് പങ്കെടുക്കണം എന്നുണ്ടായിരുന്നു. മറ്റു കാരണങ്ങള്‍ക്കൊണ്ടാണ് വരാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്‍പതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയില്‍ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു.ശബരി ഒരു തപസ്വിനിയായിരുന്നു. വനവാസക്കാലത്ത് രാമ-ലക്ഷ്മണന്മാര്‍ ഇവിടേക്ക് എത്തി. അങ്ങനെ ശബരിക്ക് മോക്ഷം കിട്ടി. അതാണ് ശബരിമലയുടെ ഐതിഹ്യം. വേര്‍തിരിവുകള്‍ക്ക് അതീതമാണ് ശബരിമല. മതാതീതമായ ആരാധനാലയം. ഈ ആരാധനാലയങ്ങളെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് വലിയ പ്രവാഹമാണ് ശബരിമലയിലേക്ക് ഒഴുകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് ഇന്ന് ആളുകള്‍ എത്തുന്നു. ഭക്തജന സാഗരം എന്ന് ഇന്ന് പൂങ്കാവനത്തെ വിശേഷിപ്പിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.തീര്‍ത്ഥാടകര്‍ക്ക് എന്താണോ വേണ്ടത്, അത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി അല്ല ചെയ്യേണ്ടത്. ഭക്തജനങ്ങളെക്കൂടി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഭക്തജന സംഗമം തടയാന്‍ ശ്രമമുണ്ടായി. അത് സുപ്രീംകോടതി വിലക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്നും ഭഗവത്ഗീത തന്നെ യഥാര്‍ത്ഥ ഭക്തരുടെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും സഹിക്കുന്നവരാണ് ഭക്തര്‍. കല്ലും മുള്ളും കാലുക്ക് മെത്ത എന്നാണല്ലോ. ഞാനും നീയും ഒന്നാകും എന്ന് പറയുമ്പോള്‍ അന്യരില്ല എന്നുകൂടിയാണ് അര്‍ത്ഥം. അന്യരെക്കൂടി ഉള്‍ക്കൊള്ളുകയും ചേര്‍ന്നുനില്‍ക്കുകയും ചെയ്യുമ്പോള്‍ അന്യത ഇല്ലാതാകുന്നു. അപരന്‍ ഇല്ലാതാകുന്നു. എല്ലാം ഒന്ന് എന്ന ബോധ്യം തെളിയുകയാണ്. അത് തെളിയിക്കുകയാണ് ശബരിമലയുടെ സന്ദേശം എന്നും മുഖ്യമന്ത്രി പറഞ്ഞു.









