തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (93) കാലം ചെയ്തു. വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലിരിക്കെയാണ് വിയോഗം. ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവാണ്. മാനന്തവാടി രൂപതയുടെ ആദ്യ ബിഷപ്പും താമരശ്ശേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പുമാണ്.തൃശൂർ സീറോ മലബാർ കത്തോലിക്കാ അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007 മാർച്ച് പതിനെട്ടിനാണ് ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നും അദ്ദേഹം വിരമിച്ചത്. പിന്നാലെ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കർഷക ദമ്പതികളായ കുരിയന്റേയും റോസയുടേയും മകനാണ്. 1930 ഡിസംബർ 13നായിരുന്നു ജനനം. കുടുംബം പിന്നീട് കോഴിക്കോട് തിരുവമ്പാടിയിലേക്ക് കുടിയേറുകയായിരുന്നു.1997ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് സ്ഥാനമേറ്റെടുത്ത മാർ ജേക്കബ് തൂങ്കുഴി 10 വർഷം അതേ സ്ഥാനത്ത് തുടർന്നു. 22 വർഷം മാനന്തവാടി രൂപതയുടെ ബിഷപ് ആയിരുന്നു. ജീവൻ ടിവിയുടെ സ്ഥാപക ചെയർമാനാണ്. രണ്ടു തവണ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.











