പാലിയേക്കര ടോൾ പിരിക്കാൻ അനുമതിയില്ലെന്ന് ഹൈക്കോടതി. വിലക്ക് നീട്ടി. ജനങ്ങളെ പരീക്ഷിക്കരുതെന്ന് കോടതി പറഞ്ഞു. വ്യാഴാഴ്ച വീണ്ടും ഹർജി പരിഗണിക്കും. റിപ്പോർട്ട് അപൂർണ്ണമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എന്ത് ചെയ്തുവെന്നും കോടതി ആരാഞ്ഞു. പ്രശ്നങ്ങളെ നിസ്സാരമായി എടുക്കരുതെന്ന് ദേശീയപാത അതോറിറ്റിക്ക് കോടതി മുന്നറിയിപ്പ് നൽകി.ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും ഭാഗികമായി പരിഹരിച്ചുവെന്ന റിപ്പോർട്ടാണ് മോണിറ്ററിംഗ് കമ്മറ്റിയും തൃശൂർ ജില്ലാ കളക്ടറും കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ടുകൾ തള്ളിയാണ് ടോൾ പിരിവിനുള്ള വിലക്ക് കോടതി നീട്ടിയത്. റിപ്പോർട്ട് അപൂർണ്ണമാണെന്ന് വിലയിരുത്തിയ കോടതി വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നൽകി. വൈകി മാത്രമാണ് ദേശീയപാത അതോറിറ്റി വിവരങ്ങൾ കൈമാറിയതെന്ന് ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് ദേശീയ പാത അതോറിറ്റിയെ കോടതി രൂക്ഷമായി വിമർശിച്ചത്. ജനങ്ങളെ പരീക്ഷിക്കരുതെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. പൊതുതാല്‍പര്യം സംരക്ഷിക്കുകയാണ് കോടതിയുടെ ലക്ഷ്യം. ആരും തോല്‍ക്കണമെന്ന് താല്‍പര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രശ്നങ്ങളെ നിസ്സാരമായി എടുക്കരുതെന്നും ദേശീയപാത അതോറിറ്റിക്ക് കോടതി മുന്നറിയിപ്പ് നൽകി. പരാതികള്‍ മോണിറ്ററിംഗ് കമ്മിറ്റി മുന്‍പാകെ ഉന്നയിക്കാം. പരാതികള്‍ ജില്ലാ കളക്ടര്‍ പരിശോധിച്ച് തീരുമാനമെടുക്കണമെന്ന് നിർദേശിച്ച കോടതി ഹർജി വ്യാഴാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോഴാണ് കോടതി ഇടപ്പെട്ട് ആഗസ്റ്റ് അഞ്ചിന് ടോൾ പിരിവ് തടഞ്ഞത്. 40 ദിവസം പിന്നിടുമ്പോഴും പ്രശ്നം പരിഹരിക്കാനാവാത്തത് ദേശീയ പാത അതോറിറ്റിക്കും കേന്ദ്ര സർക്കാരിനും തിരിച്ചടിയായി. കഴിഞ്ഞ ദിവസങ്ങളിൽ ഹർജി പരിഗണിക്കവേ ദേശീയപാത അതോറിറ്റിയേയും കേന്ദ്ര സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.