പാലിയേക്കരയില്‍ ടോള്‍പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ചവരെ തുടരും. പാലിയേക്കര കേസ് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് വീണ്ടും മാറ്റിവെച്ചതോടെയാണ് വിലക്ക് തുടരുന്നത്. അതേസമയം, കേസ് ബുധനാഴ്ച പരിഗണിച്ചപ്പോള്‍ ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍വഴി ഹൈക്കോടതിയില്‍ ഹാജരായി. ജില്ലാ കളക്ടര്‍ ഹാജരായി കൂടുതല്‍വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ജില്ലാ കളക്ടര്‍ ഹാജരായത്.നിര്‍മാണപ്രവൃത്തികള്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ള മേഖലകളേക്കുറിച്ച് ദേശീയപാത അതോറിറ്റിക്ക് താന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ആ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നും ജില്ലാ കളക്ടര്‍ ബുധനാഴ്ച കോടതിയില്‍ പറഞ്ഞു. അതേസമയം, എങ്ങനെയെങ്കിലും ടോള്‍പിരിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും വാദം.പ്രാദേശിക റോഡുകള്‍ നന്നാക്കിതീരുന്നത് വരെ കാത്തിരിക്കാനാകില്ലെന്നും ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും ദേശീയപാത അതോറിറ്റി കോടതിയില്‍ പറഞ്ഞു. എന്നാല്‍, ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആദ്യം തീരുമാനമെടുക്കൂ, ടോള്‍പിരിക്കുന്നത് എന്നിട്ട് ആലോചിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്നാണ് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചത്.