ആഗോള കാന്‍സര്‍ ചികില്‍സാ രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യയുടെ കാന്‍സര്‍ വാക്സിന്‍ ഒരുങ്ങുന്നു. റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്‌സിനായ എന്‍ററോമിക്സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുനല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ കാൻസറിനെ ചെറുക്കുന്നതില്‍ പുതിയ പ്രതീക്ഷയാണ് വാക്സിന്‍ വാഗ്ദാനം ചെയ്യുന്നത്. വാക്സിൻ ഇപ്പോൾ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറാണെന്ന് ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസിയും (എഫ്എംബിഎ) പ്രഖ്യാപിച്ചുകഴിഞ്ഞു. ട്യൂമറുകളെ ചുരുക്കുകയും അവയുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നതില്‍ വാക്സിൻ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ ആവർത്തിച്ചുള്ള ഉപയോഗത്തിന് സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിക്കും അവരുടെ വ്യക്തിഗത ആർഎൻഎയ്ക്ക് അനുസൃതമായി വാക്സിനില്‍ പരിഷ്കരണങ്ങള്‍ വരുത്തി (customized) ഉപയോഗിക്കാനും സാധിക്കുമെന്ന് എഫ്എംബിഎ മേധാവി വെറോണിക്ക സ്ക്വോർട്ട്സോവ പറഞ്ഞു. കൊളോറെക്ടൽ കാൻസറിനെ ചികിത്സിക്കാൻ വാക്സിനിന്‍റെ ആദ്യ രൂപം ഉപയോഗിക്കുമെന്നും ഗ്ലിയോബ്ലാസ്റ്റോമ, മെലനോമ, സ്കിന്‍ കാന്‍സര്‍ എന്നിവയ്ക്കുള്ള പതിപ്പുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഡിജിറ്റൽ വാർത്താ സേവനമായ സ്പുട്നികാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.