ഫോറൻസിക് വിദഗ്ദ ഡോ. ഷേർളി വാസു അന്തരിച്ചു. 68 വയസായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനും പ്രമാദമായ നിരവധി കേസുകളിൽ തെളിവുകൾ ശേഖരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളുമാണ് ഡോ. ഷേർളി വാസു. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയായിരുന്നു ഡോ. ഷേർളി.സൗമ്യവധക്കേസിൽ സൗമ്യയുടെ മൃതദേഹം പരിശോധിച്ചതും നിർണായക തെളിവുകൾ കണ്ടെത്തിയും ഡോ. ഷേർളിയാണ്. ഗോവിന്ദച്ചാമി ജയിൽ ചാടിയ സന്ദർഭത്തിലും അവർ പ്രതികരണവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. നിലവിൽ കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയാണ്.ഔദ്യോഗിക കാലയളവില്‍ പ്രമാദവും വിവാദവുമായ നൂറുകണക്കിന് കേസുകളാണ് ഡോ. ഷേർളി വാസു പരിശോധിച്ചത്. 1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1984ല്‍ ഫോറന്‍സിക് മെഡിസിനില്‍ എംഡി കരസ്ഥമാക്കി. തുടർന്ന് വിവിധ മെഡിക്കൽ കോളേജുകളിൽ അസി. പ്രഫസര്‍, അസോ. പ്രഫസര്‍ പദവികള്‍ വഹിച്ചു.തന്‍റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി ‘പോസ്‌റ്റ്‌മോർട്ടം ടേബിൾ’ എന്ന പുസ്‌തകവും ഡോ. ഷെർളി രചിച്ചിട്ടുണ്ട്. 2017ൽ കേരള സർക്കാരിന്‍റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.











