ഉടുമ്പന്നൂർ (ഇടുക്കി): പാറേക്കവല മനയ്ക്കത്തണ്ട് ഭാഗത്ത് യുവാവും യുവതിയും മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. ഇരുവരും തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായെന്നും പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് ജീവനൊടുക്കുകയുമായിരുന്നു
മണിയനാനിക്കൽ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലായ്ക്കൽ മീനാക്ഷി (20) എന്നിവർ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. ഇരുവരും പ്രണയത്തിലായിരുന്നു. പോലീസ് പറയുന്നത്: കൊന്നത്തടിയിലാണ് ശിവഘോഷിന്റെ അച്ഛന്റെ വീട്. ഇതിന് സമീപമുള്ള പാറത്തോട് സ്കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. അന്നേ മീനാക്ഷിയെ പരിചയമുണ്ടായിരുന്നു.
പീന്നീട് ശിവഘോഷ് വാഴക്കുളത്ത് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിക്കാൻ ചേർന്നു. അങ്ങനെയാണ് മനയ്ക്കത്തണ്ടിലുള്ള അമ്മവീട്ടിൽ എത്തുന്നത്. മീനാക്ഷി വാഴാക്കുളത്ത് ടിടിസിക്കും ചേർന്നു. തൊടുപുഴയിലെ ഹോസ്റ്റലിൽനിന്നാണ് പഠിച്ചത്. വെള്ളിയാഴ്ച ഇരുവരും ശിവഘോഷിന്റെ മനയ്ക്കത്തണ്ടിലുള്ള അമ്മവീട്ടിലെത്തി. രണ്ടുപേരും തമ്മിൽ കുറച്ചുദിവസമായി തർക്കമുണ്ടായിരുന്നു. ഈ വീട്ടിൽവെച്ചും തർക്കമുണ്ടായി.
ഇതിനിടെ മീനാക്ഷി കിടപ്പുമുറിയിലേക്ക് പോകുകയും വാതിലടയ്ക്കുകയുമായിരുന്നു. തുടർന്ന് മുറിക്കുള്ളിലെ ബാത്ത്റൂമിൽ കയറി ജനലിൽ ഷാൾ കുരുക്കി തൂങ്ങിയെന്നാണ് പോലീസ് കരുതുന്നത്. മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, മീനാക്ഷിക്ക് അനക്കമില്ലായിരുന്നു. ശിവഘോഷ് തൊട്ടടുത്തുള്ള മുറിയിലെ ഫാനിൽ ഷാൾ കുരുക്കി തൂങ്ങുകയായിരുന്നുവെന്നും പോലീസ് പറയുന്നു. മീനാക്ഷി, ബാത്ത്റൂമിലെ ജനലിൽ തൂങ്ങിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ശിവഘോഷിന്റെ പോസ്റ്റ്മോർട്ടം തൊടുപുഴ ജില്ലാ ആശുപത്രിയിലും മീനാക്ഷിയുടെ പോസ്റ്റ്മോർട്ടം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും നടത്തി. ശിവഘോഷിന്റെ മൃതദേഹം കൊന്നത്തടിയിലെ വീട്ടുവളപ്പിലും മീനാക്ഷിയുടെ മൃതദേഹം പാറത്തോട് വീട്ടുവളപ്പിലും സംസ്കരിച്ചു







