സംസ്ഥാനത്ത് കനത്തമഴ. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. അഞ്ചു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയത്. ഈ ജില്ലകളില്‍പരക്കെ മഴ കിട്ടും. മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. വരുന്ന നാലു ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാലുനദികളില്‍ ജലനിരപ്പ് അപകടകരമായ നിലയിലെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. ജലവിഭവ വകുപ്പ് മഞ്ഞഅലര്‍ട്ട് പ്രഖ്യാപിച്ചു.
വാമനപുരം, അച്ചന്‍കോവില്‍, ഭരതപ്പുഴ, ചാലക്കുടി പുഴകളിലാണ് ജാഗ്രതാ നിര്‍ദേശം. കനത്ത മഴയിൽ വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിപ്പുഴ കരകവിഞ്ഞു. പോത്തുണ്ടി ഡാമിലെ വെള്ളം എത്തുന്ന ഭാഗമാണ് കരിപ്പാലി.പുഴ കരകവിഞ്ഞതോടെപുഴയ്ക്ക് മറുവരെ ഉള്ള സെന്റ് ഫ്രാൻസിസ് സ്കൂളിന് അവധിയും പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാൽ ജില്ലയിലെ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്താനുള്ള നടപടി തുടങ്ങി. കാഞ്ഞിരപ്പുഴ ഡാമിന്റെ 3 സ്പിൽവേ ഷട്ടറുകൾ 15 സെ മീ വീതം ഉയർത്തി. കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയരുമെന്നു മുന്നറിയിപ്പുണ്ട്. ശിരുവാണി ഡാമിന്റെ സ്ലൂയിസ് ഷട്ടറുകൾ ഉച്ചക്ക് 2 മണിക്ക് 100 സെ മീ ഉയർത്തും. ശിരുവാണിപ്പുഴ, ഭവാനിപ്പുഴ തീരങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശം നൽകി.