കര്‍ണാടകയിലെ കാര്‍വാര്‍ കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെട്ട ബെല്‍ക്കേരി ഇരുമ്പയിര് കടത്തു കേസില്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഓഗസ്റ്റ് 13, 14 തീയതികളില്‍ നടന്ന പരിശോധനയില്‍ 1.68 കോടി രൂപയുടെ പണവും 6.75 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണവും ഇഡി ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. 14.13 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചിട്ടുണ്ട്.കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട അര്‍ജുന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് സുപരിചിതനായ എംഎല്‍എയാണ് സതീഷ് കൃഷ്ണ സെയില്‍.11,000 മെട്രിക് ടണ്ണിലധികം ഇരുമ്പയിര് ഔദ്യോഗിക അനുമതിയില്ലാതെ കടത്തിയെന്നാണ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ്.
കേസുമായി ബന്ധപ്പെട്ട് കാര്‍വാറിലും ഗോവ, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലുമായാണ് ഇഡി പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സതീഷ് കൃഷ്ണ സെയിലിനെയും അനധികൃത ഇരുമ്പയിര് കയറ്റുമതിക്ക് മുമ്പ് ശിക്ഷിക്കപ്പെട്ട മറ്റ് വ്യക്തികളെയും സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകളും ഇമെയിലുകളും റെക്കോര്‍ഡുകളും പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര ഏജന്‍സി അറിയിച്ചു. അനധികൃത കയറ്റുമതിയിലൂടെ സംസ്ഥാന ഖജനാവിന് ഏകദേശം 38 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. അനധികൃതമായി കയറ്റുമതി ചെയ്ത ഇരുമ്പയിരിന്റെ യഥാര്‍ത്ഥ മൂല്യം കോടികള്‍ വരുമെന്നാണ് കരുതുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ വ്യാപ്തി കണ്ടെത്തുന്നതിനായി സാമ്പത്തിക ഇടപാടുകള്‍, സ്വത്ത് രേഖകള്‍, അനധികൃത ഖനന, കയറ്റുമതി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ നെറ്റ്‌വര്‍ക്ക് എന്നിവയും കേന്ദ്ര ഏജന്‍സി പരിശോധിച്ചുവരികയാണ്. സതീഷ്ണ കൃഷ്ണ സെയിലിനു പുറമെ ഫോറസ്റ്റ് ഓഫീസര്‍ മഹേഷ് ബിലിയെ, മല്ലികാര്‍ജുന ഷിപ്പിംഗ് എന്നിവരും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.2010-ല്‍ കര്‍ണാടക ലോകായുക്ത നടത്തിയ അന്വേഷണത്തില്‍ നിന്നാണ് കേസ് ആരംഭിക്കുന്നത്. ബെല്ലാരിയില്‍ നിന്ന് ബെല്‍ക്കേരി തുറമുഖത്തേക്ക് ഏകദേശം എട്ട് ലക്ഷം ടണ്‍ ഇരുമ്പയിര് അനധികൃതമായി കടത്തിയെന്ന് ലോകായുക്ത നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത അയിര് പിന്നീട് അനധികൃതമായി കയറ്റുമതി ചെയ്തു.ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കു വേണ്ടിയുള്ള പ്രത്യേക കോടതി മുമ്പ് സതീഷ് കൃഷ്ണ സെയിലിനെയും മറ്റുള്ളവരെയും നിരവധി കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയായിരുന്നു കോടതി വിധി. എന്നാല്‍ പിന്നീട് കര്‍ണാടക ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.എന്നാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 190 (3) പ്രകാരം രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചതിനാല്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സതീഷ് കൃഷ്ണ സെയിലിന്റെ എംഎല്‍എ സ്ഥാനം റദ്ദാക്കപ്പെട്ടു.