തൃശൂർ: പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് ഫ്ലാറ്റിൽ ഒമ്പത് വോട്ടുകൾ കള്ളവോട്ട് ചേർത്തുവെന്ന് പരാതി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി മണ്ഡലത്തിലില്ലാത്തവരെ കൊണ്ട് വന്ന് ചേര്‍ത്തെന്ന ആരോപണം എല്‍ഡിഎഫും യുഡിഎഫും ആരോപിക്കുന്നതിനിടയിലാണ് ഇക്കാര്യം പൂങ്കുന്നത്തെ കള്ളവോട്ട് പരാതി.
നിലവിൽ ഒമ്പത് പേരും ഫ്ലാറ്റിൽ ഇല്ല. മുപ്പതാം നമ്പർ ബൂത്തിൽ മൂന്ന് ഫ്ലാറ്റുകളിൽ ക്രമക്കേട് നടന്നതായും പരാതിയുണ്ട്. നാലുവർഷമായി പ്രസന്നയെന്ന സ്ത്രീ ഫ്ലാറ്റിൽ താമസിക്കുന്നുണ്ട്. പക്ഷേ ഒമ്പത് വോട്ടുകൾ ഉള്ളതായി അവർക്ക് അറിവില്ല. അവരുടെ മേൽവിലാസത്തിൽ ലിസ്റ്റിലുള്ള ഒമ്പതുപേരെ അറിയില്ലെന്ന് പ്രസന്ന പറഞ്ഞു.
ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ വി എസ് സുനിൽ കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. ഇതെല്ലാം സംബന്ധിച്ച് നേരത്തെ പരാതി കൊടുത്തിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് നടന്നതായി അന്നത്തെ ഇടത് സ്ഥാനാർഥികൂടിയായിരുന്ന വി എസ് സുനിൽ കുമാറും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റും ആരോപിച്ചിരുന്നു. തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്നും വി എസ് സുനിൽ കുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ലെന്നും കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്‌നം കാണിച്ചത് സംശയാസ്പദമാണെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.