തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ആശ്രാമത്തെ സർക്കാർ നഴ്‌സിങ് സ്‌കൂളില്‍ പുതിയ സ്കില്‍ ലാബ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുതിയ രണ്ട് മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചതായും പി.ജി. സീറ്റുകള്‍ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. ബി.എസ്.സി. നഴ്‌സിങ് സീറ്റുകള്‍ 1250 ആയി ഉയർത്തി.
ആശ്രാമം നഴ്‌സിങ് കോളേജിലെ സ്കില്‍ ലാബ് നിർമിച്ചത് 1.54 കോടി രൂപ ഉപയോഗിച്ചാണ്. കിഫ്ബി വഴി 10,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ആരോഗ്യമേഖലയില്‍ നടപ്പാക്കുന്നത്. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ 76 കോടി രൂപയ്ക്ക് നിർമിച്ച പുതിയ കെട്ടിടം ഉടൻ പ്രവർത്തനമാരംഭിക്കും. ആർദ്രം പദ്ധതി വഴി ഒരു കുടുംബത്തിന് ലഭിച്ചിരുന്ന സൗജന്യ ചികിത്സ 30,000 രൂപയില്‍ നിന്ന് അഞ്ചു ലക്ഷമായി ഉയർത്തി. ദേശീയ സാമ്ബിള്‍ സർവേ ഓർഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്തെ ഗ്രാമീണ-നഗര മേഖലകളില്‍ പ്രതിശീർഷ ചികിത്സാ ചെലവ് 19,000 രൂപയില്‍ നിന്ന് 9,000 ആയി കുറഞ്ഞു.
സംസ്ഥാന സർക്കാർ നോർക്ക വഴി വിദേശ രാജ്യങ്ങളിലെ നഴ്‌സിങ് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ്. ജർമ്മനി, വെയില്‍സ് എന്നിവിടങ്ങളുമായി കരാറില്‍ ഏർപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എം. മുകേഷ് എം.എല്‍.എ. അധ്യക്ഷനായി. മേയർ ഹണി ബഞ്ചമിൻ, ഡിവിഷൻ കൗണ്‍സിലർ സജിതാനന്ദ്, നഴ്‌സിങ് സ്കൂള്‍ പ്രിൻസിപ്പല്‍ ബിനു സദാനന്ദൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.