ഏതാനും മാസങ്ങളായി വെളിച്ചെണ്ണ വില പിടിവിട്ട് ഉയർന്നതിനു പിന്നാലെ നിത്യോപയോഗ സാധനങ്ങൾക്കൊപ്പം പച്ചക്കറിക്കും വില കുതിച്ചുയരുന്നു. ബീൻസിനും കാരറ്റിനും കിലോഗ്രാമിന് നൂറു രൂപയോളമാണ് വില. പച്ചക്കറികൾക്ക് ചുരുങ്ങിയത് 10 – 15 രൂപയാണ് ഒരാഴ്ചയ്ക്കകം കൂടിയത്. മിക്ക ഇനങ്ങളുടെയും വില 60 കവിഞ്ഞു. നാടൻ ഇനങ്ങൾ കിട്ടാനുമില്ല. നാടൻ കൂർക്കയും പയറും ചേമ്പും ചേനയുമെല്ലാം പ്രാദേശിക വിപണിയിൽ പോലും കുറഞ്ഞു. മീനാക്ഷിപുരം, പൊള്ളാച്ചി, കോയമ്പത്തൂർ, മേട്ടുപ്പാളയം, ഊട്ടി മാർക്കറ്റുകളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ ഭൂരിഭാഗവും എത്തുന്നത്. കർഷക സംരംഭങ്ങൾ നിരവധി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും ന്യായവിലയ്ക്ക് എടുത്ത് വിറ്റഴിക്കുന്നതിനും കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.