പൊന്നാനി :മുൻ എംഎൽഎയും പൊന്നാനി പഞ്ചായത്തിന്റെ ദീർഘകാല പ്രസിഡന്റുമായിരുന്ന വിപിസി തങ്ങളുടെ പേര് നഗരസഭ കാര്യാലയത്തിൽ നിന്നും മായ്ച്ച സംഭവത്തിൽ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വിപിസി തങ്ങളുടെ ചിത്രം ഉയർത്തി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു.നഗരസഭയുടെ പുതിയതും പഴയതുമായ ഇരു കെട്ടിടങ്ങൾക്കും വിപിസി തങ്ങളുടെ പേരാണ് നാമകരണം ചെയ്തിട്ടുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ സിപി മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതി പുതിയ കെട്ടിടത്തിലുണ്ടായിരുന്ന വിപിസി തങ്ങളുടെ പേര് മായ്ക്കുകയും അതേ തുടർന്ന് മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.എന്നാൽ പഴയ കെട്ടിടത്തിൽ ഒരു വർഷം മുൻപ് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിപിസി തങ്ങളുടെ പേര് ആസൂത്രിതമായി മായ്ച്ചു കളയുകയായിരുന്നു.യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും വിപിസി തങ്ങളുടെ പേര് കെട്ടിടത്തിൽ പുനസ്ഥാപിക്കണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും ഭരണ സമിതി തയ്യാറായിരുന്നില്ല.അതിനെ തുടർന്നാണ് കൗൺസിൽ യോഗത്തിൽ പ്രതിഷേധമുണ്ടായത്.ഉത്തരേന്ത്യയിൽ ബിജെപിയും ആർഎസ്എസും നടത്തുന്ന പേരുമായ്ക്കൽ രാഷ്ട്രീയം പൊന്നാനിയിൽ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിലുള്ള സിപിഎം ഭരണസമിതി നടത്തുന്നത് ലജ്ജാകരമാണെന്നും ഏഴുദിവസത്തിനകം പേര് പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.എന്നാൽ തിങ്കളാഴ്ച്ച പേര് പുനഃസ്ഥാപിക്കുന്നെന്ന് കൗൺസിൽ യോഗത്തിൽ നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനീയറും മറുപടി നൽകി. അനുപമ മുരളീധരൻ, ആയിഷ അബ്‌ദു, മിനി ജയപ്രകാശ്, ശ്രീകല ചന്ദ്രൻ,ഷബ്‌ന ആസ്മി,കെ എം ഇസ്മായീൽ, എം പി ഷബീറബീ, അബ്‌ദുൾ റാഷിദ് നാലകത്ത്,പ്രിയങ്ക വേലായുധൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.