ചാറ്റ് ജിപിടി ഉപയോക്താക്കൾക്ക് സ്വകാര്യതസംബന്ധിച്ച് മുന്നറിയിപ്പുനൽകി ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ. വ്യക്തിപരമായ പ്രശ്നങ്ങളോ സ്വകാര്യരഹസ്യങ്ങളോ തർക്കങ്ങളോ അഭ്യൂഹങ്ങളോ ചാറ്റ് ജിപിടിയുമായി പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്
ചാറ്റ്ബോട്ടുമായി നടത്തിയ സംഭാഷണങ്ങൾ നിയമപരമായി സംരക്ഷിതമല്ലെന്നും അതിനാൽ ഉപയോക്താക്കൾ നൽകുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനാകില്ലെന്നും ഓൾട്ട്മാൻ തുറന്നുപറഞ്ഞു. ഒരു കേസുണ്ടാകുമ്പോൾ ഉപയോക്താക്കൾ പങ്കുവെച്ച വിവരങ്ങൾ കോടതിയിൽ തെളിവായി ആവശ്യപ്പെടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഹാസ്യതാരം തിയോ വോനിന്റെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
“നിങ്ങളുടെ രഹസ്യം സൂക്ഷിക്കാൻ ചാറ്റ് ജിപിടി തെറാപിസ്റ്റോ വക്കീലോ അല്ല. ചാറ്റ് ജിപിടിയോട് ഹൃദയം തുറക്കുന്നതിനുമുൻപ് ചുരുങ്ങിയത് എന്താണ് ടൈപ്പ് ചെയ്യാൻ പോകുന്നതെന്ന് എന്നെങ്കിലും ചിന്തിക്കണം.” -ഓൾട്ട്മാൻ പറഞ്ഞു
ചാറ്റ് ജിപിടി പോലുള്ള എഐ പ്ലാറ്റ്ഫോമുകളിൽ സംഭാഷണങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനുള്ള ചട്ടങ്ങൾ ഇനിയും ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പലയുവാക്കളും തീരുമാനമെടുക്കാൻപോലും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നത് അപകടകരമായ രീതിയിലാണ്. അത് വ്യക്തികളുടെ ചിന്താശേഷിയും ആത്മവിശ്വാസവും കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു