പൊന്നാനി:നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ കണ്ടയ്നര്‍ ലോറി ഇടിച്ച് ഡീസല്‍ മുഴുവന്‍ റോഡില്‍ ചോര്‍ന്നു.നാല് അറകളിലായി സൂക്ഷിച്ച ഇന്ധനത്തിന്റെ പുറകിലെ ടാങ്കിലെ 4500 ലിറ്റര്‍ ഡീസലാണ് റോഡില്‍ ഒഴുകിയത്.ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ദേശീയ പാതയില്‍ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലാണ് അപകടം.സര്‍വ്വീസ് റോഡില്‍ നിര്‍ത്തിയിട്ട ഡീസലും പെട്രോളും കൊണ്ടുവന്ന ടാങ്കറിന് പുറകിലാണ് കണ്ടയ്നര്‍ ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ നിന്ന് കണ്ടയ്നര്‍ വേര്‍പ്പെട്ട് റോഡിലേക്ക് തെറിച്ച് വീണു.ടാങ്കറിന് പുറകിലെ അറയിലുണ്ടായിരുന്ന ഡീസല്‍ മുഴുവന്‍ ദേശീയ പാതയില്‍ ഒഴുകി.പെട്രോള്‍ നിറച്ച ടാങ്കുകള്‍ക്ക് അപകടം പറ്റാതിരുന്നത് മൂലം വലിയ ദുരന്തമാണ് ഒഴിവായത്.സംഭവം അറിഞ്ഞ് എത്തിയ പൊന്നാനി പോലീസും ഫയര്‍ഫോഴ്സും റോഡ് അടച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.പൊന്നാനി ഫയര്‍ & റസ്ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പി സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളോളം പ്രയത്നിച്ചാണ് റോഡില്‍ ഒഴുകിയ ഡീസല്‍ കഴുകി കളഞ്ഞത്.അപകടത്തില്‍ റോഡിലേക്ക് തെറിച്ച് വീണ കണ്ടയ്നര്‍ ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍ എടുത്തുമാറ്റി ഗതാഗതം പുലര്‍ച്ചെയോടെ പുനസ്ഥാപിച്ചു