എംപരിവാഹൻ ആപ്ലിക്കേഷന്റെ പേരിൽ വാരാണസി കേന്ദ്രീകരിച്ചുള്ള സംഘം കേരളത്തിൽ നിന്ന് മാത്രം തട്ടിയെടുത്തത് 45 ലക്ഷം രൂപ. ഇതുവരെയുള്ള പരാതികളുടെ അടിസ്ഥാനത്തിൽ കേരളത്തിൽനിന്ന് 575 പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. കൊച്ചി സിറ്റിയിൽ മാത്രം 96 പരാതികളുണ്ട്. പണം നഷ്ടപ്പെട്ടവർ ഇതിലും കൂടാമെന്നാണ് പോലീസ് കരുതുന്നത്.
എംപരിവാഹൻ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ‘ടു ഫാക്ടർ ഓതന്റിക്കേഷൻ’ പ്രവർത്തനസജ്ജമാക്കാത്തവരുടെ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്താണ് തട്ടിപ്പുകാർ സന്ദേശമയച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വാഹന ഉടമകളുടെ ഫോൺ നമ്പരുകൾ പ്രതികളുടെ കൈവശമുണ്ടായിരുന്നു.
വാട്സാപ്പിൽ എംപരിവാഹൻ ആപ്ലിക്കേഷനിൽ നിന്നാണെന്ന വ്യാജേന ഗതാഗത നിയമലംഘനം നടത്തിയതിന്റെ പിഴ അടയ്ക്കണമെന്നു പറഞ്ഞ് സന്ദേശം നൽകിയായിരുന്നു തട്ടിപ്പ്. പലരും എന്താണെന്നറിയാൻ ഇവർ നൽകുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കും.
ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതു വഴി ഇരയുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യുകയും അതുവഴി ബാങ്ക്, ക്രെഡിറ്റ് വിവരങ്ങൾ മുഴുവൻ തട്ടിപ്പ് സംഘങ്ങൾ കൈവശപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. സാധാരണ സൈബർ തട്ടിപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇരകളുടെ സ്വന്തം അക്കൗണ്ടുകൾ കൈവശപ്പെടുത്തിയാണ് എംപരിവാഹൻ തട്ടിപ്പ് നടത്തിയിരുന്നത്.
ക്രെഡിറ്റ് കാർഡിന്റെയും മറ്റും പിൻ മനസ്സിലാക്കി അതുപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കുകയും പണം പിൻവലിക്കുകയും ചെയ്തതിനാൽ തട്ടിപ്പ് സംഘത്തെ പിടികൂടുക ദുഷ്കരമായിരുന്നു. രാജ്യമൊട്ടാകെ നടക്കുന്ന ഈ സൈബർ കുറ്റകൃത്യം വ്യാപകമായതോടെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ്, പ്രതികളെ കണ്ടെത്തുന്നതിന് മാസങ്ങളായി ശ്രമിച്ചുവരുകയായിരുന്നു. ഇതിനിടയിലാണ് കൊച്ചി സിറ്റി സൈബർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.