ചങ്ങരംകുളം :സംസ്ഥാന സർക്കാറിന്റെ ആരോഗ്യമേഖലക്ക് നൽകുന്ന കായകൽപ്പ് അവാർഡിൽ മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടി ആലംകോട് കുടുംബാരോഗ്യ കേന്ദ്രം.മികച്ച ആരോഗ്യ പ്രവർത്തനങ്ങളോടൊപ്പം ശുചിത്വം, മാലിന്യ നിർമ്മാർജ്ജനം,അണുബാധ നിയന്ത്രണം തുടങ്ങിയ നിരവധി ഘടകങ്ങൾ വിലയിരുത്തി മികച്ച സർക്കാർ ആശുപത്രികൾക്ക് നൽകുന്ന കായകൽപ്പ് പുരസ്കാരത്തിനാണ് ജില്ലയിൽ 92% മാർക്ക് നേടി ആലംകോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കുടുബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും, ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സുവർണ്ണ നേട്ടമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.







