ഈന്തപ്പഴത്തിന്റെ പെട്ടിയില്‍ ഒളിപ്പിച്ച് ഒമാനില്‍ നിന്ന് ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സഞ്ജുവിനു സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലീസ്. ഇയാളുടെ ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് സഞ്ജു പല ഇടപാടുകളും നടത്തിയതായി പൊലീസിനു വിവരം ലഭിച്ചു
കൊച്ചിയില്‍ സിനിമാ ബന്ധമുള്ളവരുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കും. സഞ്ജുവിന്റെ ബാങ്ക് ഇടപാടുകള്‍ അടുത്ത ദിവസങ്ങളില്‍ പൊലീസ് പരിശോധിക്കും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാന്‍ കല്ലമ്പലം പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. രാജ്യാന്തര വിപണിയില്‍ 3 കോടിയോളം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് സഞ്ജു ഉള്‍പ്പെടെ 4 പേരില്‍ നിന്നു ഡാന്‍സാഫ് സംഘം പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം 4 തവണ സഞ്ജു ഒമാനിലേക്കു യാത്ര ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇത്രയുമധികം രാസലഹരി കടത്തിയിട്ടും വിമാനത്താവളത്തില്‍ എന്തുകൊണ്ട് കണ്ടെത്താനായില്ലെന്ന ചോദ്യം ശക്തമാണ്. 2023ല്‍ ഞെക്കാടിനു സമീപം വളര്‍ത്തുനായ്ക്കളെ കാവല്‍ നിര്‍ത്തി ലഹരി കച്ചവടം നടത്തിയ കേസില്‍ ഇയാൾ പിടിയിലായിരുന്നു.
ഇടത്തരം കുടുംബത്തില്‍പെട്ട സഞ്ജു ചുരുങ്ങിയ കാലയളവിലാണ് സാമ്പത്തികമായി വളര്‍ന്നത്. ഞെക്കാട് വലിയവിള ജംക്ഷനില്‍ കോടികള്‍ ചെലവിട്ടുള്ള ആഡംബര വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. വീട്ടിലേക്കുള്ള ആഡംബര ലൈറ്റുകള്‍, വിലകൂടിയ പാത്രങ്ങള്‍, വസ്ത്രം എന്നിവയുമായാണ് ഇയാള്‍ ഒമാനില്‍നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ഇതിനൊപ്പമുണ്ടായിരുന്ന ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്







