കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ റിൻസി മുംതാസ് പിടിയിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവതിക്ക് സിനിമാ മേഖലയിലെ പ്രമുഖരുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. സിനിമാ പ്രമോഷൻ പരിപാടികളുടെ പേരുപറഞ്ഞ് താരങ്ങൾക്കുൾപ്പെടെ ലഹരി എത്തിച്ചു നൽകുന്നതായിരുന്നു റിൻസിയുടെ ജോലി. സിനിമാ മേഖലയിലെ ഡ്രഗ് ലേഡി എന്നായിരുന്നു യുവതി അറിയപ്പെട്ടത്. ഷൂട്ടിംഗ് ലൊക്കേഷനുകളിലും വൻതോതിൽ ലഹരി ഒഴുക്കിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുകാരുമായി റിന്‍സി നടത്തിയ ചാറ്റുകളും പുറത്തുവന്നു. ലഹരി കൈമാറിയ സിനിമാ താരങ്ങളുടെ പേരുകൾ റിൻസി പൊലീസിന് നൽകിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി വഴിയുളള ഇടപാടുകളും നടത്തിയിട്ടുണ്ട്. യൂട്യൂബിലെയും ഇന്‍സ്റ്റഗ്രാമിലെയും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നത് റിൻസിയായിരുന്നു. സെറ്റുകളിലും പ്രമോഷന്‍ പരിപാടികളിലും റിന്‍സിയുണ്ടെങ്കില്‍ അവിടെ രാസലഹരിയൊഴുകുമെന്നാണ് പൊലീസ് കണ്ടെത്തിയത്. പത്ത് ലക്ഷം രൂപയാണ് ലഹരി ഇടപാടിനായി റിൻസി മുടക്കിയതെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന യാസര്‍ അറാഫത്ത് എന്ന യുവാവും അറസ്റ്റിലായിട്ടുണ്ട്. ലഹരി എത്തിച്ചു നല്‍കിയതും വേണ്ടവര്‍ക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു. സിനിമാ പി ആര്‍ കമ്പനിയായ ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്റിന്റെ ഭാഗമായിരുന്നു യുവതി. ലഹരിക്കേസില്‍ പിടിയിലായതോടെ റിന്‍സിയെ ഒബ്സ്ക്യൂറ തള്ളിപ്പറഞ്ഞു.











