താൽക്കാലിക രജിസ്ട്രാർ പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച പ്ലാനിങ് ഡയറക്ടർ മിനി കാപ്പനോട് തൽക്കാലം തുടരാൻ നിർദേശം നൽകി വി സി. തന്നെ രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് മിനി കാപ്പൻ ആവശ്യപ്പെട്ടിരുന്നു. പകരം ക്രമീകരണം ഒരുക്കാം എന്നും വൈസ് ചാൻസലർ മിനി കാപ്പന് ഉറപ്പ് നൽകിട്ടുണ്ടായിരുന്നു. കേരള സർവകലാശാലയിൽ നേരിട്ട തിരിച്ചടികൾക്ക് പിന്നാലെയീണ് അടുത്ത നിയമവിരുദ്ധ നീക്കത്തിന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ തയ്യാറെടുക്കുന്നത്.മിനി കാപ്പന് താത്പര്യമില്ലെന്ന് അറിയിച്ചതോടെ മൂന്നാമത് ഒരാളുടെ നിയമനത്തിന്റെ സാധ്യതകളാണ് വിസി ആരായുന്നത്. അതേസമയം വിഷയത്തെ നിയമപരമായി നേരിടാനാണ് സിൻഡിക്കേറ്റ് രജിസ്ട്രാർ കെ എസ് അനിൽകുമാറിന്‍റെയും തീരുമാനം.രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് പകരം ഇതിനോടകം രണ്ട് രജിസ്ട്രാർമാരെ നിയോഗിച്ച കുന്നുമ്മൽ മൂന്നാമതൊരു നിയമനത്തിലേക്ക് കടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിൻറെ സാധുകളാണ് വി സി പരിശോധിക്കുന്നതും. എന്നാൽ നിലവിൽ സർവ്വകലാശാലയുടെ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് രണ്ട് താൽക്കാലിക രജിസ്ട്രാർമാരെ വിസി നിയമിച്ചത്. ഇത് ഇനി ആവർത്തിച്ചാൽ മോഹനൻ കുന്നുമ്മല് തന്നെ തിരിച്ചടിയാകും എന്ന വിലയിരുത്തലാണ് സിൻഡിക്കേറ്റിനുള്ളത്. വിഷയത്തിൽ നിയമപരമായി മുന്നോട്ടു നീങ്ങുക എന്നതാണ് സിൻഡിക്കേറ്റിന്റെയും രജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെയും തീരുമാനം.അതിനിടയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ആവശ്യപ്പെട്ടുള്ള ഇടത് അംഗങ്ങളുടെ കത്തും വൈസ് ചാൻസലർ തള്ളി. പക്ഷേ സിൻഡിക്കേറ്റ് യോഗമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇടതുപക്ഷ അംഗങ്ങൾ. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. മോഹനൻ കുന്നുമ്മൽ തിങ്കളാഴ്ച സർവകലാശാല ആസ്ഥാനത്തെത്തും. വൈസ് ചാൻസലർ എത്തുമ്പോൾ ശക്തമായി പ്രതിഷേധിക്കാനാണ് എസ് എഫ് ഐ യുടെ തീരുമാനം. സർവകലാശാലയിലെ സംഭവവികാസങ്ങളിൽ കോടതിയെ സമീപിക്കുമെന്ന് അറിയിച്ച ബിജെപി അംഗങ്ങൾ ഇതുവരെയും തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.











