കൊച്ചി: കീം പ്രവേശന പരീക്ഷയിൽ മാർക്ക് ഏകീകരണത്തിന് അടിസ്ഥാനമാക്കിയ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. കീം പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഈ ഉത്തരവ്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. എല്ലാവരെയും തുല്യ അനുപാതത്തിൽ പരിഗണിക്കാനാണ് ഈ നടപടിയെന്നാണ് കേരള സർക്കാരിന്റെ വാദം. പഴയ രീതിയിൽ അനുപാതം എടുത്താൽ കേരള സിലബസിലെ കുട്ടികൾ പിന്നിലായിരിക്കും. പുതിയ നടപടിയിൽ രണ്ട് സിലബസിനും തുല്യ അനുപാതം ഉണ്ടാവുനെന്നും സർക്കാർ പറയുന്നു. എഞ്ചിനീയറിംഗ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഫലം ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കീം പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്‌ഇ സിലബസ് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലായിരുന്നു ഈ ഉത്തരവ്. സംസ്ഥാന സിലബസുകാരെ സഹായിക്കാൻ, വെയ്റ്റേജ് സ്കോർ നിർണയത്തിന് പുതിയ ഫോർമുല ഫലപ്രഖ്യാപനത്തിന് ഒരു മണിക്കൂർ മുമ്പാണ് കൊണ്ടുവന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ഡികെ സിംഗ് വിധിച്ചു. 2011 മുതൽ തുടരുന്ന പ്രോസ്പെക്ടസ് പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്നും നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. ജൂലായ് ഒന്നിനായിരുന്നു ഫലപ്രഖ്യാപനം. 14 കൊല്ലമായി തുടരുന്ന രീതി അവസാന നിമിഷം മാറ്റിയത് എന്ത് ബോധോദയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചിരുന്നു. സംസ്ഥാന സിലബസുകാർ പിന്നാക്കം പോയെന്ന് ബോദ്ധ്യപ്പെട്ടതാകാം കാരണം. നടപടി നീതീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.