തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിംഗ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിര്‍ദ്ദേശത്തിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.കൂടുതല്‍ പേര്‍ ബൂത്തില്‍ എത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയും പോളിംഗ് ബൂത്തുകള്‍ക്കു പുറത്ത് നീണ്ട നിരകള്‍ രൂപപ്പെടുകയും ചെയ്യും. ഇത് പലരും വോട്ട് ചെയ്യാന്‍ എത്താത്ത അവസ്ഥയിലേക്ക് എത്തിച്ചേക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ, ഓരോ പോളിംഗ് സ്റ്റേഷനും പരമാവധി 1100 വോട്ടര്‍മാരെ മാത്രമായിപരിമിതപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.